എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാന്‍ സാധിച്ചില്ല: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
എഡിറ്റര്‍
Thursday 22nd November 2012 3:58pm

കൊച്ചി: കേരളത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു. പലിശ രഹിത ബാങ്കിങ് സംവിധാനം നടപ്പിലാക്കാന്‍ സാധിക്കാത്തതിനാലാണ് ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാന്‍ കഴിയാത്തത്. ഇസ്‌ലാമിക്  ബാങ്കിങ് എന്ന ആവശ്യം സംസ്ഥാനം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

Ads By Google

പലിശരഹിതമായ ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കാനുള്ള കേരളസര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധി അഭിനന്ദനാര്‍ഹമാണെങ്കിലും നിയമപരമായി ഇതിന് തടസ്സങ്ങളുണ്ട്. റിസര്‍വ് ബാങ്കിന്റെ നിലവിലുള്ള ചട്ടങ്ങളനുസരിച്ച് ഇസ്ലാമിക് ബാങ്കിങ് അനുവദിക്കാന്‍ സാധ്യമല്ല. ഇതിന് ആവശ്യമായി വരുന്ന നിയമ ഭേദഗതികളെക്കുറിച്ച് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

കേരളമല്ലാതെ മറ്റൊരു സംസ്ഥാനവും ഇസ്ലാമിക് ബാങ്കിങ് എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടില്ലെന്നും സുബ്ബറാവു പറഞ്ഞു. കുടുംബാസൂത്രണത്തിലും സാക്ഷരതയിലും രാജ്യത്തിന് മാതൃക കാട്ടിയ എറണാകുളം ജില്ലയുടെ മൂന്നാമത്തെ ചുവടുവെപ്പാണ് സമ്പൂര്‍ണ ബാങ്കിങ് ജില്ല എന്ന നേട്ടം.

ബാങ്കിങ് ഇടപാടുകളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്‌കൂള്‍ കരിക്കുലത്തില്‍ ഇത് ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും സുബ്ബറാവു അറിയിച്ചു. ജില്ലയില്‍ സമ്പൂര്‍ണ ബാങ്കിങ് സാധ്യമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്കിനെ ആര്‍.ബി.ഐ ഗവര്‍ണര്‍ അഭിനന്ദിച്ചു.

ജില്ലയിലെ  6000 കുടുംബങ്ങളിലെ 32 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ 37 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണുള്ളത്. നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ വിദ്യാര്‍ഥികളുടെ സ്വന്തം ഗാരന്റിയില്‍, ഈട് ഇല്ലാതെ തന്നെ നല്‍കാന്‍ റിസര്‍വ് ബാങ്ക് കര്‍ശനമായി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും ഇത് പാലിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണെന്നും സുബ്ബറാവു പറഞ്ഞു.

കേരളത്തിലെ നിക്ഷേപ സാധ്യത ബാങ്കുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ മുന്നോട്ടുവെച്ചാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും  മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പ രാജ്യവികസനത്തിനുതകുന്ന നിക്ഷേപമായി ബാങ്കുകള്‍ പരിഗണിക്കണമെന്നും ഔദാര്യമായി കാണരുതെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഈ ആശയം മുന്നോട്ട് വെച്ചത്. വിദേശ മലയാളികളുടേയും സര്‍ക്കാറിന്റേയും പിന്തുണയോടെ പലിശ രഹിത ബാങ്കിങ് എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കേരള ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഈ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. അറേബ്യന്‍ രാഷ്ട്രങ്ങളില്‍ ഇത്തരം പലിശ രഹിത ബാങ്കിങ് സംവിധാനം നിലവിലുണ്ട്.

 

Advertisement