islamic-banking-in-keralaകോഴിക്കോട്: ഇസ്ലാമിക് ബാങ്കിങ്ങിനെക്കുറിച്ച് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ കോഴിക്കോട് ഫറോഖ് കോളജില്‍ തുടങ്ങി. വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജിദ്ദ ആസ്ഥാനമായുള്ള ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കും കേരളസ്റ്റേറ്റ് ഇഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി 200ഓളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത വര്‍ഷത്തോടെ കൊച്ചിയില്‍ ഇസ്ലാമിക് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലാണ് കേരളത്തില്‍ ഇസ്ലാമിക് ബാങ്ക് തുടങ്ങുന്നത്. ശരിഅത്ത് നിയമം അനുവദിക്കുന്ന ധനകാര്യ സേവനങ്ങള്‍ ബാങ്കില്‍ നിന്ന് ലഭ്യമാക്കാനാണ് തീരുമാനം. 500 കോടി രൂപയുടെ അംഗീകൃത മൂലധനവുമായി ആരംഭിക്കുന്ന കമ്പനിയില്‍ 11 ശതമാനം ഓഹരി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനായിരിക്കും. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലായിരിക്കും ബാങ്ക് കാര്യമായ നിക്ഷേപം നടത്തുക.

പലിശാധിഷ്ഠിത ബിസിനസ്സില്‍ ബാങ്ക് പണം മുടക്കില്ല. ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭം തുടങ്ങാന്‍ പലിശരഹിത വായ്പ നല്‍കാന്‍ പ്രത്യേക സാമൂഹ്യനിധിക്കു രൂപം നല്‍കും. ബാങ്ക് ഓഹരിയുടമകള്‍ക്ക് ലാഭവീതം നല്‍കുകയും ചെയ്യും.