islamic bank in keralaരാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിര്‍ണായക വിധിന്യായം കേരളഹൈക്കോടതി പുറപ്പെടുവിച്ചു. ഇസ്‌ലാമിക് ഇബാങ്ക് സ്ഥാപിക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹരിജകള്‍ തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും മറ്റു ചിലരുമായിരുന്നു ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്.

കേരള വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) കീഴിലായിരിക്കും ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുക. പലിശരഹിത ബാങ്കിംഗാണ് ഇസ്‌ലാമിക് ബാങ്കിംഗ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മധ്യേഷ്യ അടക്കമുള്ള ഇസ്‌ലാമിക് രാഷ്ട്രങ്ങളില്‍ ഏറെ വിജയംകണ്ട സംവിധാനമാണ് ഇസ്‌ലാമിക് ബാങ്കിംഗ്.

അല്‍-ബരാക് എന്ന കമ്പനിയാണ് കെ.എസ്.ഐ.ഡി.സി യുമായി ചേര്‍ന്ന് ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കാനൊരുങ്ങുന്നത്. അല്‍-ബരാക് കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികനിയമങ്ങളും ഷരീ-അത് നിയമങ്ങളും പാലിച്ചായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനമെന്ന് അല്‍-ബരാക് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാറിന്റെ സഹായത്തോടെ ഏതെങ്കിലും സമുദായത്തിന് സാമ്പത്തികപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നത് മതേതരസംവിധാനത്തിന് എതിരാണെന്ന് വാദിച്ചിരുന്നു. ഇത് ഭരണഘടനയുടെ 27ാം വകുപ്പിന്റെ ലംഘനമാണെന്നും വാദമുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെ കോടതി നിരാകരിക്കുകയായിരുന്നു.

ശരീ-അത് നിയമസംഹിത പ്രകാരമുള്ള മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനം. എന്നാല്‍ രാജ്യത്തെ ഭരണഘടന അനുവദിച്ച ചില മേഖലകളിലും ബാങ്ക് വഴിയുള്ള പണം ചിലവഴിക്കില്ല എന്നും ഇസ്‌ലാമിക് ബാങ്കിംഗ് നിഷ്‌കര്‍ഷിക്കുന്നു.

മുതിര്‍ന്ന മുസ്‌ലിം മതനേതാക്കളടങ്ങിയ സമിതിയായിരിക്കും ഇതിന്റെ നേതൃസ്ഥാനത്തുണ്ടാവുക. മാസങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക് ബാങ്കുമായി ബന്ധപ്പെട്ട പരാതി കോടതിയുടെ മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും കോടതി നോട്ടീസയച്ചിരുന്നു.

മാസങ്ങള്‍ക്കുമുമ്പായിരുന്നു അല്‍-ബരാക് കമ്പനി നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കെ.എസ്.ഐ.ഡി.സിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ ബാങ്കിംഗ് നിയമമനുസരിച്ച് പലിശരഹിത ഇടപാടുകള്‍ക്ക് വ്യവസ്ഥയില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കെ.എസ്.ഐ.ഡി.സിക്ക് വെറും 13 ശതമാനം ഓഹരികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ള ഓഹരികള്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരുടെ കൈകളിലായിരിക്കും.

ഇസ്‌ലാമിക് ബാങ്കിംഗ്: സുബ്രഹ്മണ്യംസ്വാമിയുടെ ഹരജി തള്ളി