കറാച്ചി: പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ വിമാനം തകര്‍ന്നു വീണു 152 പേര്‍ മരിച്ചു. അപകടത്തില്‍ ആരും രക്ഷപെട്ടിട്ടില്ലെന്ന് പാക്ക് ആഭ്യന്ത മന്ത്രി റഹ്മാന്‍ മാലിക് അറിയിച്ചു. തുര്‍ക്കിയില്‍നിന്ന് കറാച്ചി വഴി ഇസ്‌ലാമാബാദിലേക്കു പോവുകയായിരുന്ന എയര്‍ബ്ലൂ എയര്‍ലൈന്‍സ് 202 വിമാനമാണ് 53 യാത്രക്കാരും 6 ജീവനക്കാരുമായി മര്‍ഗല്ല പര്‍വതനിരയില്‍ തകര്‍ന്ന് വീണത്. 45 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു.

ബുധനാഴ്ച രാവിലെ കനത്ത മഴയും മൂടല്‍മഞ്ഞും മൂലം നിയന്ത്രണം തെറ്റിയാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും പാക് പൗരന്മാരാണെന്നും യാത്രക്കാരില്‍ വിദേശികള്‍ കുറവായിരുന്നുവെന്നും പാക് വ്യോമയാനമന്ത്രാലയം അറിയിച്ചു. അപകടത്തിനു മുമ്പ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുളള ബന്ധം നഷ്ടപ്പെട്ടിരുന്നു. ദുരന്തസ്ഥലത്തേക്ക് റോഡ് മാര്‍ഗം എത്തിപ്പെടാന്‍ കഴിയാത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പിന്നീട് പ്രത്യേക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.