കൊച്ചി: ഗോള്‍ പിറക്കാതെ ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം. കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷി നിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് വിജയം കൊയ്യുമെന്ന് കരുതിയിരുന്നവര്‍ക്ക് നിരാശ. ഗോള്‍ അകന്നു നിന്ന മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് എ.ടി.കെയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചു വിടാന്‍ എ.ടി.കെയ്ക്ക് സാധിച്ചു. അതേസമയം, മഞ്ഞപ്പടയുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ ബാര്‍ബറ്റോവിനും മുന്നേറ്റ നിരയ്ക്കും സാധിച്ചില്ല.

ഗോള്‍ പിറക്കാതെ മുന്നോട്ടു പോകുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായത് ഗോള്‍ കീപ്പര്‍ റജൂബ്ക്കയായിരുന്നു. ഗോളെന്നുറച്ച അനവധി അവസരങ്ങളാണ് റജൂബ്ക്ക തട്ടിയകറ്റിയത്. കൊല്‍ക്കത്തന്‍ ടീമിന്റെ നിരന്തര ആക്രമണങ്ങളില്‍ നിന്നും റജൂബ്ക്കയുടെ സേവുകളും ഭാഗ്യവുമാണ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തിയത്.

ആവേശം നിറഞ്ഞ ആദ്യ പകുതിയില്‍ ഗോളൊന്നും വീണിരുന്നില്ല. അതേസമയം ആധിപത്യം കൊല്‍ക്കത്തന്‍ ടീമിനായിരുന്നു. തുടക്കത്തിലെ ആവേശമോ ആരാധകരുടെ ആരവമോ കളിയില്‍ പോസിറ്റീവാക്കി മാറ്റാന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയ്ക്ക് സാധിച്ചില്ല.

ആക്രമണം ആയുധമാക്കിയാണ് ഇരു ടീമുകളും കളിമെനഞ്ഞത്. ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ട് ടീമിനും അവസാന ഘട്ടത്തില്‍ ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അതേസമയം മലയാളി താരം സി.കെ വിനീത് ഉറച്ച ഗോളവസരം നഷ്ടമാക്കിയത് ആരാധകരെ വിഷമത്തിലാക്കി.

അതിനിടെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി റജൂബ്കയുടെ തകര്‍പ്പന്‍ സേവ് കാണികളെ ആവേശത്തിലാക്കി. ഗോളെന്നുറച്ച എ.ടി.കെ താരത്തിന്റെ ഷോട്ട് വലത്തോട്ട് ചാടി റജൂബ്ക്ക തട്ടിയകറ്റുകയായിരുന്നു.