ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വാഹനം ബൈക്ക് പാത്തില്‍ ഇടിച്ചു കയറ്റിയ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്. ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.

ഐ.എസ് ഭീകരരുടേതിന് സമാനമായ പതാകയും ലേഖനങ്ങളും ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിനടുത്ത് അപകടമുണ്ടായത്. സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമി വാഹനമോടിച്ചു കയറ്റിയതോടെ സൈക്കിള്‍ യാത്രക്കാരും കാല്‍നട യാത്രക്കാരും ചിതറിത്തെറിച്ചു. ഏകദേശം ഒരു മൈല്‍ ദൂരത്തോളം ഓടിയ വാഹനം ഒരു സ്‌കൂള്‍ ബസ്സില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തോക്കുകളുമായി പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റു ചെയ്യുകയായിരുന്നു.


Also Read: ഒരു ദിവസം 13 പേര്‍ സന്ദര്‍ശിച്ചു; ജയിലില്‍ ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം


അപകടത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉസ്ബക്കിസ്ഥാന്‍ പൗരനായ സെയ്ഫുള്ളൊ സായ്പോവാണ് ആക്രമണം നടത്തിയത്. 29 കാരനായ ഇയാള്‍ 2010ലാണ് അമേരിക്കയില്‍ എത്തിയത്. ന്യൂജഴ്‌സിയില്‍ താമസിക്കുന്ന ഇയാളുടെ കൈവശമുള്ളത് ഫ്ളോറിഡയിലെ ലൈസന്‍സാണ്.

സ്വന്തമായി ട്രക്ക് കമ്പനിയുള്ള സായ്‌പോവ് വാടകയ്ക്കെടുത്ത കാറുമായാണ് ആക്രമണം നടത്തിയത്. ബൈക്ക് പാതയിലൂടെ അതിവേഗതയില്‍ വാഹനമോടിച്ച ഇയാള്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തി പിന്നീട് സ്‌കൂള്‍ ബസിലും ഇടിക്കുകയായിരുന്നു.


Also Read: സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയായി പൊതുനിരത്തിലൂടെ നടത്തിച്ചു


സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹാലോവീന്‍ ഫെസ്റ്റിവലും പരേഡും നടക്കാനിരിക്കുന്ന ഗ്രീന്‍ വിച്ചില്‍ പോലീസ് പരിശോധന നടത്തി. അപകടത്തിന് പിന്നില്‍ ഭീകരരാണെന്ന് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അറിയിച്ചു.

മുന്‍പ് പലസ്ഥലത്തും ഐ.എസ് സമാനരീതിയില്‍ ആക്രമണം നടത്തിയിരുന്നു. പാരീസില്‍ വലിയ ട്രക്ക് ജനത്തിരക്കുള്ള തെരുവിലേക്ക് ഓടിച്ചുകയറ്റിയതിനു പിന്നിലും ഐ.എസ് ആയിരുന്നു.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

‘അസുഖം ബാധിച്ച ഒരാളുടെ മറ്റൊരു ആക്രമണം പോലെ തോന്നുന്നു’ എന്ന് പ്രസിഡന്റ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.


Also Read: പറഞ്ഞത് പ്രവാസികള്‍ വീട്ടിലേക്ക് പണമയക്കുന്നതിനെയും ആഗോള ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ച്: ഇന്ത്യാ ടുഡേ സ്റ്റിങ് കെട്ടുകഥയെന്ന് അഹമ്മദ് ഷെരീഫ്


അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ അക്രമിയുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് ഓണ്‍ലൈന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നു. മിസോറിയിലും പെന്‍സില്‍വേനിയയിലും ട്രാഫിക് നിയമ ലംഘനം നടത്തിയതിന് കേസുകളുണ്ട്. മിസോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ 2016 ഒക്ടോബറില്‍ സായ്പൊവിനെ അറസ്റ്റു ചെയ്തിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നവംബറില്‍ അടുത്ത വിചാരണയ്ക്കായി ഹാജരാകാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് 200 ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ചെങ്കിലും കോടതിയില്‍ ഹാജരായില്ല.

 

മൊയ്തീന്‍ പുത്തന്‍ചിറ