ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ മുന്‍നിരമേധാവികള്‍ക്ക് 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. വിചാരണയ്ക്കിടെ ചിക്കാഗോ കോടതിയിലാണ് ഹെഡ്‌ലി ഇക്കാര്യം അറിയിച്ചത്.

വിരലിലെണ്ണാവുന്ന ഐ.എസ്.എസ് ഏജന്റുമാര്‍ക്കുമാത്രമേ മുംബൈ ഭീകരാക്രമണ പദ്ധതിയില്‍ പങ്കുള്ളൂ. മേജര്‍ ഇഖ്ബാലെന്ന് പറഞ്ഞിരുന്ന ആളാണ് ഐ.എസ്.ഐയില്‍ തങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുതന്നിരുന്നത്. എന്നാല്‍ ഇയാളുടെ മേലുദ്യോഗസ്ഥനായ കേണലിന് ഈ പദ്ധതിയില്‍ പങ്കുണ്ടെന്നാണ് തന്റെ സംശയം. എന്നാല്‍ അയാളെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ഹെഡ്‌ലി പറഞ്ഞു.

ഐ.എസ്.ഐയുടെ പ്രധാന നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ അജ്ഞാതനായ കേണലും മറ്റു ചിലരും ചിലപ്പോള്‍ ഇത് അറിഞ്ഞിരിക്കാമെന്നും ഹെഡ്‌ലി വ്യക്തമാക്കി.

166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ ആരംഭിച്ച സമാധാന ശ്രമങ്ങള്‍ അവസാനിക്കാന്‍ കാരണമായിരുന്നു. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് ഈ ആക്രമണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് തുടക്കം മുതലേ ആരോപണങ്ങളുണ്ടായിരുന്നു..

2009ല്‍ ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വച്ച് ഹെഡ്‌ലിയെ അറസ്റ്റു ചെയ്തതത്. അതിനുശേഷമാണ് മൂന്ന് ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കുവേണ്ടി താന്‍ പ്രവര്‍ത്തിച്ചിരുന്നതായി ഹെഡ്‌ലി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. കൂടാതെ മേജര്‍ ഇഖ്ബാല്‍ എന്ന ഐ.എസ്.ഐ ഉദ്യോഗസ്ഥനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.