മലപ്പുറം: : ഐസ്‌ക്രീം കേസില്‍ ഇനിയൊരു ആക്ഷേപമുണ്ടാകാത്ത രീതിയില്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ജഡ്ജുമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ കൊണ്ട് വരും. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ പണം വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കും. ഉപ്പുതിന്നവരെ സര്‍ക്കാര്‍ വെള്ളം കുടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ജഡ്ജിമാര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ല. അതിനാലാണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇതിനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് അവിഹിത സമ്പാദ്യം, കള്ളനോട്ട്, കള്ളപ്പണം തുടങ്ങിയ നിരവധി വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും കോടിയേരി പറഞ്ഞു.