പാലക്കാട്: കേരളത്തില്‍ മിസോറാം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ചട്ടം ലംഘിച്ചാണ് കേരളത്തില്‍ മിസോറാം ലോട്ടറി വില്‍പ്പനയെന്ന് ഐസക്ക് വ്യക്തമാക്കി.

പാലക്കാട് കഞ്ചിക്കോട്ടെ ഗോഡൗണില്‍ നിന്ന് അഞ്ചു കോടിയിലേറെ ടിക്കറ്റുകള്‍ പോലീസ് പിടിച്ചെടുത്തതോടെയാണ് ധനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. മുമ്പ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഗോഡൗണില്‍ നിന്നാണ് മിസോറാം ലോട്ടറി പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകള്‍ പൊലീസും ജി.എസ്.ടി അധികൃതരും പരിശോധിച്ചു വരികയാണ്.


Also Read: ബിനീഷ് കോടിയേരിയുടെ വീടിനുനേരെ ആക്രമണം: മൂന്നുപേര്‍ പിടിയില്‍


നേരത്തെ ഓഗസ്റ്റ് ഏഴുമുതല്‍ നറുക്കെടുപ്പ് തുടങ്ങുമെന്നറിയിച്ച് മിസോറാം ലോട്ടറി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ടീസ്റ്റ എന്ന മൊത്ത വിതരണക്കാരാണ് മിസോറം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍.

കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനം മറ്റു സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍ അതത് സംസ്ഥാനങ്ങളെ അറിയിക്കണം. എന്നാല്‍ മിസോറം സര്‍ക്കാര്‍ ഇത് ചെയ്തിരുന്നില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെയും മിസോറാം സര്‍ക്കാരിനെയും സംസ്ഥാനം അറിയിച്ചിട്ടുണ്ട്.