തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയാറാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയെ താന്‍ നയിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനിക്കുമ്പോള്‍ ഇക്കാര്യം അറിയിക്കുമെന്നും വി.എസ് പ്രതികരിച്ചു. മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് വി.എസ്. പ്രതികരിച്ചില്ല.

2002-06 കാലത്തില്‍ ആന്റണി ഉമ്മന്‍ചാണ്ടി ഭരണം ഒരു പേടിസ്വപ്‌നമായാണ് ജനം ഓര്‍ക്കുന്നത്. കടക്കെണിയും കര്‍ഷക ആത്മഹത്യയും തൊഴിലില്ലായ്മയുമായിരുന്നു അുന്ന്. പൊതുമേഖല ഓഹരി വിറ്റഴിക്കലും അഴിമതിയും മാഫിയ വിളയാട്ടവും നിര്‍ബാധം നടന്നു. ആന്റണിയെ കൊള്ളില്ലെന്ന് പറഞ്ഞ് ലീഗ് പിന്തുണയോടെയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത്.

ആന്റണിയെ പുകച്ച് ചാടിക്കാന്‍ ഗൂഢാലോചന നടത്തിയ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പക്ഷെ ഉമ്മന്‍ചാണ്ടിക്കായില്ല. തലയില്‍ കറുത്ത തുണിയിട്ട് കുഞ്ഞാലിക്കുട്ടിക്ക് രാജിവെക്കേണ്ടി വന്നു. അന്നത്തെ അപഹാസ്യമായ ചിത്രങ്ങള്‍ ഇപ്പോഴും ജനങ്ങളുടെ മുന്നിലുണ്ട്. ശേഷം വന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.