ലണ്ടന്‍: പാര്‍ലമെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ബ്രിട്ടന്‍ പൗരനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കാറിലെത്തി ഒറ്റയ്ക്കാണ് ഖാലിദ് മസൂദ് എന്ന 52 കാരന്‍ ആക്രമണം നടത്തിയത്. ഇയാളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരിക്കല്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. എന്നാല്‍, മസൂദിന് ഐഎസുമായി നേരിട്ടു ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം, ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംഭവത്തെ അപലപിച്ചും ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ അനുശോചനമറിയിച്ചും ലോക നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അടക്കമുള്ള ലോകനേതാക്കള്‍ ബ്രിട്ടനെ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ചു.

ഏഷ്യന്‍ വംശജനാണു പ്രതിയെന്നു വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ബ്രിട്ടനില്‍ ജനിച്ചയാളാണെന്നു പ്രധാനമന്ത്രി തെരേസ മേ രാവിലെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണു വിജയകരമായി ബ്രിട്ടന്‍ ചെറുത്തുതോല്‍പിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.


Also Read: എന്‍ഡിഎയെ കുറിച്ച് പറയുവാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ലെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ


സംഭവത്തോടനുബന്ധിച്ച് ആറിടങ്ങളില്‍നിന്നായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടനിലും ബര്‍മിങ്ങാമിലുമായി ബുധന്‍ രാത്രി നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്.