എഡിറ്റര്‍
എഡിറ്റര്‍
സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോയെന്ന് ഹൈക്കോടതി
എഡിറ്റര്‍
Thursday 9th January 2014 5:58pm

saritha-s-nair

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോയെന്നും തടവില്‍ കഴിയുന്നയാള്‍ ഇത്രയും ഒരുങ്ങി നടക്കുന്നത് എങ്ങനെയെന്നും  ഹൈക്കോടതി പരാമര്‍ശം.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെടുന്ന കടകംപ്പള്ളി ഭൂമിയിടപാട് സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് ജഡ്ജി ഹാറൂണ്‍ അല്‍ റഷീദ് പരാമര്‍ശം നടത്തിയത്.

ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്നും ഓരോ ദിവസവും വിവിധതരം സാരികള്‍ സരിത ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ജഡ്ജി ആരാഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ശേഷം സരിതയെ പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയത് എന്തിനാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടതായും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഭരണനേതൃത്വവും മാഫിയകളും തമ്മില്‍ ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു.

സരിതയ്ക്ക് ജയിലില്‍ ലഭിക്കുന്നത് വി.ഐ.പി പരിഗണനയെന്ന് സഹതടവുകാരി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സരിതയ്ക്ക് വാര്‍ഡര്‍മാര്‍ പുറത്ത് നിന്ന് നല്ല ഭക്ഷണവും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വാങ്ങിച്ചു നല്‍കാറുണ്ടെന്നും ജയിലില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യം പോലീസുകാരും വാര്‍ഡര്‍മാരും ചേര്‍ന്ന് ഒരുക്കിക്കൊടുക്കാറുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഇനി രണ്ടുകേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതക്ക് ജയില്‍ മോചിതയാകാന്‍ കഴിയും.

Advertisement