എഡിറ്റര്‍
എഡിറ്റര്‍
ഇരുമ്പയിരിന്റെ കയറ്റുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി ദിന്‍ഷാ പാട്ടേല്‍
എഡിറ്റര്‍
Saturday 16th February 2013 5:20pm

മുംബൈ: നിലവാരം കുറഞ്ഞ ഇരുമ്പയിരിന്റെ കയറ്റുമതി നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി  ഖനന വകുപ്പ് മന്ത്രി ദിന്‍ഷാ പട്ടേല്‍ അറിയിച്ചു.

ഉല്‍പാദനം ഉയര്‍ത്തുന്നതിനോടൊപ്പം ധാതുക്കളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയം ബജറ്റിന് മുന്നോടിയായി നികുതി ഇളവിനുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Ads By Google

നിലവാരം കുറഞ്ഞ ഇരുമ്പയിരിന്റെ കയറ്റുമതി നികുതി 15 ശതമാനമായി കുറയ്ക്കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനി തീരുമാനങ്ങളെടുക്കേണ്ടത് ധനമന്ത്രിയാണെന്നും  നിലവില്‍ ഇരുമ്പയിരിന്റെ കട്ടയ്ക്കും പൊടിയ്ക്കും 30 ശതമാനം നിരക്കില്‍ ഏകീകൃത നികുതിയാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇരുമ്പിന്റെ സാന്നിധ്യം കുറഞ്ഞ അയിര് പൊടിയാണ് ഇരുമ്പയിര് കയറ്റുമതിയുടെ 92 ശതമാനവും. ഫിമി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2011-12 ല്‍ ആറുകോടി ടണ്ണിന്റെ ഇരുമ്പയിര് കയറ്റുമതിയാണ് നടന്നത്. എന്നാല്‍ 2009-10 വര്‍ഷം 12 കോടി ടണ്ണായിരുന്നു കയറ്റുമതി.

2012 ഏപ്രില്‍-നവംബര്‍ കാലയളവില്‍ മൊത്തം ഇരുമ്പയിര് കയറ്റുമതി 1.5 കോടി ടണ്ണായിരുന്നു. ഈ സാമ്പത്തിക വര്‍ഷം  62 ശതമാനത്തിന്റെ കുറവാണ് കയറ്റുമതിയെന്നും ഫിമി വ്യക്തമാക്കി.

വ്യാവസായിക ഉല്‍പാദനം സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒന്‍പതുമാസ കാലയളവില്‍ ഖനന മേഖല 2.6 ശതമാനത്തിന്റെ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം നെഗറ്റീവ് വളര്‍ച്ച 1.9 ശതമാനമായിരുന്നു.

ഇരുമ്പയിരിന്റെ കയറ്റുമതി പൂര്‍ണമായും നിരോധിക്കണമെന്ന ആഭ്യന്തര ഉരുക്കു വിപണിയുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ആഭ്യന്തര വിപണിയില്‍ ഉരുക്ക് ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും എന്നാല്‍ നിലവാരം കുറഞ്ഞ ഇരുമ്പയിര് ഇതിനായി നമ്മള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും ഇതിന് കയറ്റുമതി ചെയ്യുകയല്ലാതെ  വേറെ മാര്‍ഗമില്ലെന്നും പട്ടേല്‍ പറഞ്ഞു.

Advertisement