Irom-Sharmilaന്യൂദല്‍ഹി: സുരക്ഷാസേനയുടെ അതിക്രമങ്ങള്‍ക്കെതിരെ മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷര്‍മിള നടത്തുന്ന നിരാഹാരസമരം പതിനാലാം വര്‍ഷത്തിലേയ്ക്ക്.

ലോകത്തിന്റെ ആകെ അനുകമ്പ നേടിയ ഈ സമരം പക്ഷേ സര്‍ക്കാരുകള്‍ മാത്രം അറിയുന്നില്ല.

സുരക്ഷാഭീഷണിയുടെ പേരില്‍ ആരെയും വെടിവെച്ച് കൊല്ലാന്‍ മണിപ്പൂരിലെ സായുധസേനയ്ക്ക് അധികാരം നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്)എന്ന കരിനിയമത്തിനെതിരെയാണ് ഈ സഹനസമരം.
സമരം തുടങ്ങിയശേഷം ഇതേവരെ ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല.

ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കു നേരെ 2000 നവംബര്‍ രണ്ടിന് അസം റൈഫിള്‍സ് നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നവംബര്‍  നാലിന് ശര്‍മിള നിരാഹാരം തുടങ്ങിയത്.

വലിയ സംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ പിന്‍ബലമൊന്നും ഇല്ലാതെയാണ് ഇറോം ഷര്‍മിള നിരാഹാരസമരം ആരംഭിച്ചത്. മൂന്നാം ദിവസം പൊലീസ് അവരെ അറസ്റ്റ് ചെത് ആശുപത്രിയിലാക്കി. ഐ.പി.സി 309 പ്രകാരം ആത്മഹത്യാശ്രമത്തിനാണ് അറസ്റ്റെന്നായിരുന്നു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം.

എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന്  പിന്നോട്ടില്ലെന്ന കടുത്ത നിലപാടിനെ  തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇവര്‍ക്ക് മൂക്കിലൂടെ കുഴല്‍ ഘടിപ്പിച്ച് ദ്രവരൂപത്തിലുള്ള ആഹാരം നല്‍കി.

13 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത് തന്നെയാണ് സ്ഥിതി.

ട്യൂബ് ഉപയോഗിച്ച് മൂക്കിലൂടെ നല്‍കുന്ന ദ്രവരൂപത്തിലുള്ള
ഭക്ഷണം മാത്രമാണ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇറോം ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ഇടയ്ക്ക് സമരവേദി ഡല്‍ഹിയിലേയ്ക്ക് മാറ്റിയ ഇവര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. ദല്‍ഹി പട്യാല കോടതിയില്‍ ഈ കേസ് ഇന്നും അവസാനിച്ചിട്ടില്ല.

ഇംഫാലിലെ ആശുപത്രിയില്‍ വര്‍ഷങ്ങളായി പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന ഈ നാല്‍പത്തൊന്നുകാരിയെ ഓരോ വര്‍ഷവും പൊലീസ് വിട്ടയയ്ക്കും. കാരണം ആത്മഹത്യാശ്രമത്തിന് അറസ്റ്റിലാകുന്നയാളെ ഒരു വര്‍ഷത്തിലധികം കസ്റ്റഡിയില്‍ വയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല.

എന്നാല്‍ വിട്ടയയ്ക്കുന്ന അന്ന് തന്നെ ഇറോം ഷര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്യും. കഴിഞ്ഞ ഒരു വ്യാഴവട്ടമായി ഈ പതിവ് തുടരുന്നു.

ആശുപത്രിയില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്. അടുത്തിടെ യു.എന്‍ പ്രതിനിധിയ്ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ടിരുന്നു.

സന്ദര്‍ശകരെ കാണാനുള്ള ഷര്‍മിളയുടെ അവകാശം നിഷേധിക്കുന്നതിനെതിരെ മണിപ്പൂര്‍ സര്‍ക്കാരിന് കമ്മീഷന്‍ നോട്ടീസയച്ചത് കഴിഞ്ഞ ദിവസമാണ്.

സേനയുടെ പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു എന്നതൊഴിച്ചാല്‍ കാര്യമായ ഒരു പുരോഗതിയും ഈ സമരത്തിന് ഉണ്ടായിട്ടില്ല.

മണിപ്പൂരില്‍ മാത്രമല്ല, ആസാമിലും കശ്മീരിലും ഇത്തരത്തിലുള്ള പ്രത്യേകാധികാര നിയമങ്ങളുണ്ടെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

എന്നാല്‍ ഷര്‍മിളയുടെ സമരത്തെത്തുടര്‍ന്ന് സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെ കുറിച്ചു പഠിക്കാനും ബദല്‍ സംവിധാനം നിര്‍ദേശിക്കാനുമായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നും പകരം മാനുഷിക മുഖമുള്ള മറ്റൊരു നിയമം നടപ്പാക്കണമെന്നുമായിരുന്നു സമിതി ശുപാര്‍ശ. എന്നാല്‍ തുടര്‍നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്.