ഇംഫാല്‍: മണിപ്പൂര്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ ജയില്‍ മോചിതയാക്കി കോടതി ഉത്തരവ്. ജയില്‍ മോചിതയായിട്ടും നിരാഹാരം തുടര്‍ന്ന ഇവരെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മണിപ്പൂരില്‍ നടപ്പാക്കിയ പ്രത്യേക സായുധാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 10 വര്‍ഷത്തിലധികമായി ഷര്‍മിള നിരാഹാര സമരത്തിലാണ്. ആത്മഹത്യാ ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ പരമാവധി ഒരു വര്‍ഷം മാത്രമേ ശിക്ഷ നല്‍കാനാകൂ. ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവരെ മോചിപ്പിച്ച് വീണ്ടും അറസ്റ്റ് ചെയ്തത്.

സമരത്തെ തുടര്‍ന്ന് ആരോഗ്യ നില വഷളായ ശര്‍മിളയെ ഏതാനും വര്‍ഷം മുമ്പ് ജയിലില്‍ നിന്ന് മാറ്റി ജെ എന്‍ ആശുപത്രിയുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഷര്‍മിളയുടെ ആന്തരികാവയവങ്ങള്‍ക്കെല്ലാം കുഴപ്പം കണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 1958ല്‍ മണിപ്പൂരില്‍ നടപ്പാക്കിയ പ്രത്യേക സായുധാധികാര നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പത്തുപേരെ ആസാം റൈഫിള്‍സ് തോക്കിനിരയാക്കിയതിനെ തുടര്‍ന്ന് 2000 നവംബര്‍ രണ്ടിനാണ് ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. മൂക്കിലൂടെ നല്‍കുന്ന ദ്രവരൂപത്തിലുള്ള ആഹാരമാണ് അവരുടെ ജീവന്‍ പിടിച്ചു നിറുത്തുന്നത്.

ജയില്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മുമ്പും ശര്‍മിളയെ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍, നിരാഹാരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ ദിവസങ്ങള്‍ക്കകം വീണ്ടും അവരെ അറസ്റ്റ് ചെയ്തിരുന്നു. സായുധാധികാര നിയമം പ്രയോഗിച്ച് മണിപ്പൂരില്‍ വര്‍ഷങ്ങളായി മനുഷ്യാവകാശ ധ്വംസനം നടത്തിവരികയാണ് ആസാം റൈഫിള്‍സ്.