എഡിറ്റര്‍
എഡിറ്റര്‍
ഇറോം ശര്‍മ്മിളെ നാളെ കേരളത്തിലെത്തും
എഡിറ്റര്‍
Monday 13th March 2017 10:10am

മണിപ്പൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച ഉരുക്കുവനിത ഇറോ ശര്‍മ്മിള കേരളത്തിലേക്ക്. നാളെയാണ് ഇറോം കേരളത്തിലെത്തുന്നത്. കേരളത്തിലെ ആശ്രമത്തില്‍ കുറച്ചുനാള്‍ കഴിയുമെന്നും വിശ്രമത്തിന് വേണ്ടിയാണ് തന്റെ യാത്രയെന്നും ഇറോം പറഞ്ഞു. ഒരു മാസത്തോളം പാലക്കാട്ടെ അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ ഇറോം ശര്‍മ്മിള ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.

ഇപ്പോള്‍ ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോം ശര്‍മിള. ഞാന്‍ കുറച്ച് നാളത്തേക്ക് മണിപ്പുര്‍ വിടുകയാണ്. ഞാന്‍ ദക്ഷിണേന്ത്യയിലേക്ക് പോവും. കേരളത്തിലെ ഒരു ആശ്രമത്തില്‍ കഴിയും. ചിലപ്പോള്‍ ഒരുമാസം. അവിടെ ധ്യാനിക്കാനും ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും സമയം ചെലവഴിക്കും- ഇറോം പറഞ്ഞു.

ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തില്‍ ഇറോമിന് നോട്ടക്കും പുറകിലെ സ്ഥാനമാണ് ലഭിച്ചത്. 143 വോട്ടുകള്‍ നോട്ട നേടിയപ്പോള്‍ 90 വോട്ടുകള്‍ മാത്രമാണ് ഇറോം ശര്‍മിളക്ക് ലഭിച്ചത്.

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെ തൗബല്‍ മണ്ഡലത്തിലാണ് ഇറോം ജനവിധി തേടിയത്. ഇറോം തന്നെ രൂപം നല്‍കിയ പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരം.

ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും അത് തന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞതായും അവര്‍ വ്യക്തമാക്കി. വിടെ ജീവിക്കണമെന്നറിയില്ല. പക്ഷെ നിങ്ങള്‍ക്ക് ആളുകളെ സേവിക്കണമെങ്കില്‍ എവിടെ നിന്നായാലും അതിന് സാധിക്കും. അഫ്സ്പയെക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഇറോം പറഞ്ഞു.


Dont Miss ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന മോഹന്‍ലാല്‍; പരിഹാസവുമായി മമ്മൂട്ടി ഫാന്‍സ് 


പതിനാറ് വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചാണ് ഇറോം ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ശര്‍മിളയുടെ തീരുമാനത്തിനെതിരെ മണിപ്പൂര്‍ ജനത മുഖം തിരിച്ചിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് എന്നും വിലയിരുത്തലുകളുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സിച്ച് ജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിച്ച് അഫ്‌സ്പയ്‌ക്കെതിരെ നിയമം നടപ്പിലാക്കുമെന്ന് ഈറോം നിരാഹാരം അവസാനിപ്പിച്ചതിനു പിന്നാലെ പ്രഖ്യാപിച്ചിരുന്നു.

Advertisement