എഡിറ്റര്‍
എഡിറ്റര്‍
ഇറോം ഷര്‍മിളയുടെ നിരാഹാര സമരം 12 വര്‍ഷം പിന്നിടുന്നു
എഡിറ്റര്‍
Monday 5th November 2012 12:40am

ഇംഫാല്‍: മണിപ്പൂരിലെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇറോം ഷര്‍മിളയുടെ നിരാഹാര സമരം 12 വര്‍ഷം പിന്നിടുന്നു. മണിപ്പൂരിലെ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയശേഷം ഇതേവരെ ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല.

Ads By Google

ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കു നേരെ 2000 നവംബര്‍ രണ്ടിന് അസം റൈഫിള്‍സ് നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഷര്‍മിള നിരാഹാരം തുടങ്ങിയത്.

വലിയ സംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ പിന്‍ബലമൊന്നും ഇല്ലാതെയാണ് ഇറോം ഷര്‍മിള നിരാഹാരസമരം ആരംഭിച്ചത്. മൂന്നാം ദിവസം ഐ പി സി 309 പ്രകാരം ആത്മഹത്യാശ്രമത്തിന് അവരെ അറസ്റ്റ് ചെയ്യുകയെന്നതായിരുന്നു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം.

സ്‌പോണ്‍സര്‍മാരില്ലാത്ത സമരമായതിനാല്‍ അറസ്റ്റിനായി ഏറെയൊന്നും പണിപ്പെടേണ്ടതുണ്ടായിരുന്നില്ല എന്നതും ഇതോട് കൂട്ടിവായിക്കേണ്ടതുണ്ട്. ജയിലിലും കോടതിയിലും ആശുപത്രിയിലുമായി വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടാതെ ഇറോം ഷര്‍മിള തന്റെ സഹനസമരം പന്ത്രണ്ട് വര്‍ഷം ഇന്നലെ പൂര്‍ത്തിയാക്കി.

പലപ്പോഴും മരണത്തെ തൊട്ടടുത്ത് കണ്ടുകൊണ്ട്. ട്യൂബ് ഉപയോഗിച്ച് മൂക്കിലൂടെ നല്‍കുന്ന ഭക്ഷണം മാത്രമാണ് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇറോം ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സേനയുടെ പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു എന്നതൊഴിച്ചാല്‍ കാര്യമായ ഒരു പുരോഗതി ഇക്കാര്യത്തിലുണ്ടായിട്ടില്ല. മണിപ്പൂരില്‍ മാത്രമല്ല, ആസാമിലും കശ്മീരിലും ഇത്തരത്തിലുള്ള പ്രത്യേകാധികാര നിയമങ്ങളുണ്ടെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

എന്നാല്‍ ഷര്‍മിളയുടെ സമരത്തെത്തുടര്‍ന്ന് സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെ കുറിച്ചു പഠിക്കാനും ബദല്‍ സംവിധാനം നിര്‍ദേശിക്കാനുമായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നും പകരം മാനുഷിക മുഖമുള്ള മറ്റൊരു നിയമം നടപ്പാക്കണമെന്നുമായിരുന്നു സമിതി ശുപാര്‍ശ. എന്നാല്‍ തുടര്‍നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്.

നിരാഹാരത്തില്‍ കിടക്കുന്ന ഇറോം ശര്‍മിളയുടെ ആരോഗ്യനില ഗുരുതരമാകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മരുന്നിനൊപ്പം ഡ്രിപ്പായി നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇക്കാലമത്രയും ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തിയത്.

Advertisement