എഡിറ്റര്‍
എഡിറ്റര്‍
‘ എന്റെ വോട്ട് ഇടതിന് ‘ : 24 വര്‍ഷങ്ങള്‍ക്ക് ശേഷം പോളിംഗ് ബൂത്തിലെത്തിയ ഇറോം ശര്‍മ്മിള പറയുന്നു
എഡിറ്റര്‍
Sunday 5th March 2017 5:22pm

ഇംഫാല്‍: 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ, മനുഷ്യാവകാശ പോരാട്ടങ്ങളുടെ ധീര നായിക ഇറോ ശര്‍മ്മിള മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വോട്ട് നല്‍കിയത് സി.പി.ഐയ്ക്കാണെന്നായിരുന്നു ഇറോം പറഞ്ഞത്. ഇംഫാലിലെ ഖുറായ് മണ്ഡലത്തിലാണ് ഇറോമിന് വോട്ടവകാശമുള്ളത്.

രാവിലെ 9.30 ഓടോ കോങ്പാല്‍ കോങ്ഖമിലെ പോളിംഗ് ബൂത്തിലെത്തിയാണ് ഇറോം ശര്‍മ്മിള വോട്ട് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അംഗരക്ഷകരോടൊപ്പമായിരുന്നു ഇറോം പോളിംഗ് ബൂത്തിലെത്തിയത്. തൃകോണ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എയായ കോണ്‍ഗ്രസിന്റെ എന്‍.ജി ബിജോയ് സിംഗ്, ബി.ജെ.പിയുടെ എല്‍. സുസിന്ദ്രോ മെയ്‌തെയ്, സി.പി.ഐയുടെ ആര്‍.കെ അമുസാന എന്നിവര്‍ തമ്മിലാണ് മത്സരം.

‘ ഞാന്‍ വോട്ട് ചെയ്തത് സി.പി.ഐയ്ക്കാണ്. ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രന്റ് മണിപ്പൂരിനോടുള്ള ബഹുമാനവും തൗബാലില്‍ നിന്നും മത്സരിക്കാന്‍ എനിക്ക് നല്‍കിയ പിന്തുണയോടുള്ള നന്ദിയുമാണിത്.’ ഇറോം ശര്‍മ്മിള പറഞ്ഞു.


Also Read: കളിക്കളത്തില്‍ പച്ചാളം ഭാസിയെ വെല്ലുന്ന ഭാവ പ്രകടനവുമായി ഇശാന്ത് ശര്‍മ്മ; ഇശാന്തിന്റെ മിമിക്രി കണ്ട് ചിരിയടക്കാനാകാതെ വിരാട് കോഹ്‌ലി, വീഡിയോ കാണാം


രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൗബാലില്‍ മൂന്ന് വട്ടം മുഖ്യമന്ത്രിയായിട്ടുള്ള ഒക്രം ഇബോബിയേയും ബി.ജെ.പിയുടെ എല്‍.ബാഷന്ത സിംഗിനേയുമാണ് ഉരുക്ക് വനിത നേരിടുന്നത്. മാര്‍ച്ച് എട്ടിനാണ് തൗബാല്‍ അടക്കമുള്ള 22 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.

സി.പി.ഐ, സി.പി.ഐ.എം, ജെ.ഡി.യു, എ.എപി, മണിപ്പൂര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, എന്‍.സി.പി എന്നീ ആറു പാര്‍ട്ടികളുടെ സഖ്യമാണ് കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരെ മത്സരിക്കുന്നത്. 52 സീറ്റുകളില്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും തകര്‍ക്കുകയാണ് സഖ്യത്തിന്റെ മുഖ്യലക്ഷ്യം.

‘ മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിക്കാന്‍ എനിക്ക് കരുത്തു പകര്‍ന്നത് മുന്നണിയാണ്. അതിനാല്‍ എന്നെ സഹായിച്ചവരെ ഞാന്‍ സഹായിക്കുന്നു.’ ഇറോം കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടിയായ പി.ആര്‍.ജെ.എയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 38 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ പി.ആര്‍.ജെ.എയുടെ സ്ഥാനാര്‍ത്ഥിയായ ഇറെന്ദ്രോ ലെയ്‌ചോംബാം മത്സരിക്കുന്ന തങ്‌മെയ്ബാന്ദ് മണ്ഡലവും ഉള്‍പ്പെടും.

തങ്‌മെയ്ബാന്ദ് സിനാം ലെയ്കായ് മേഖലയില്‍ പി.ആര്‍.ജി.എയ്ക്കു വേണ്ടി പോള്‍ സര്‍വ്വെ നടത്തുകയായിരുന്ന ഇറന്ദ്രോമിനെതിരെ രാവിലെ ആക്രമണമുണ്ടായിരുന്നു.

സംസ്ഥാനത്തിലെ ആദ്യത്തെ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയായ നജിമ ബിവിയും പോരാട്ട വേദിയിലുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയായ ഫജുര്‍ റഹീമാണ് നജിമയുടെ മുഖ്യ എതിരാളി. മുസ്ലീം ഭൂരിപക്ഷമുള്ള മേഖലയാണിത്. രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.

Advertisement