കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞ്ങ്ങാട് ഇരിയയില്‍ കരിങ്കല്‍ ക്വാറയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുപേര്‍ മരിച്ചു. ഇരിയ ഏഴാംമൈലില്‍ കോളിയാറില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ശിവ ഗ്രാനൈറ്റ് എന്ന ക്വാറിയാണ് ഇടിഞ്ഞു വീണത്. അസീസ് കൊണ്ടോട്ടി (55) , രാജീവ് പറക്കളായി(35), രാമന്‍ പനയാര്‍ക്കുന്ന് (50)എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ പോലീസും, കാഞ്ഞങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ക്വാറിയുടെ അടിഭാഗത്ത് നിന്നും കല്ല് പൊട്ടിച്ചുകൊണ്ടിരിക്കെ മുകളില്‍ നിന്നുള്ള ഒരുഭാഗം പെട്ടെന്ന് ഇടിഞ്ഞ് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് ഇവര്‍ മൂന്നുപേര്‍ മാത്രമാണ് ജോലി ചെയ്തിരുന്നത്. 10ഓളം പേരാണ് ക്വാറയില്‍ ജോലി ചെയ്തു വരുന്നത്. ക്വാറിക്കെതിരെ നേരത്തെ തന്നെ ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്വാറി ഉടമയുടെ അനാസ്ഥയാണ് തൊഴിലാളികളുടെ മരണത്തിനിടയാക്കിയതെന്നാണ് ആക്ഷേപം.