ന്യൂദല്‍ഹി: മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായ പേസര്‍ ഇര്‍ഫാന്‍ പഠാന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ടീമില്‍ തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ് താനെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്റെ സഹോദരന്‍ കൂടിയായ ഇര്‍ഫാന്‍ പറഞ്ഞു.

ദേശീയ ടീമില്‍ തിരിച്ചെത്താന്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. അടുത്ത നാല് മാസത്തിനുള്ളില്‍ ടീമിലെത്താനാകുമെന്നാണ് പ്രതീക്ഷ. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ് ഭോഗ്‌ലെയുടെ ‘ ദ വിന്നിംഗ് വേ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പഠാന്‍.

ടെസ്റ്റ്-ഏകദിന ടീമില്‍ കളിക്കാന്‍ താന്‍ ശീരീരികമായി ഫിറ്റാണെന്ന് പറഞ്ഞ പഠാന്‍ ഇംഗ്ലണ്ടിനെതിരായ ടീമില്‍ ഇടംകണ്ടെത്താനാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. തന്റെ ഫോമില്‍ പ്രതീക്ഷയുണ്ടെന്നും ഐ.പി.എല്ലിലെ പ്രകടനം സെലക്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ ഇടങ്കയ്യന്‍ പേസ് ബൗളര്‍ വ്യക്തമാക്കി.