എഡിറ്റര്‍
എഡിറ്റര്‍
‘ തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലെടോ ‘ ; ആരാധകര്‍ക്ക് ഇര്‍ഫാന്‍ പഠാന്റെ വികാര നിര്‍ഭരമായ കത്ത്
എഡിറ്റര്‍
Wednesday 22nd February 2017 11:36am

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണിന്റെ ലേലം കഴിയുമ്പോള്‍ ആരാധകരെ ഞെട്ടിച്ചത് ബെന്‍ സ്‌റ്റോക്ക്‌സിനെ 14.5 കോടിയ്ക്ക് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയതായിരുന്നില്ല. വെറ്ററന്‍ താരമായ ഇര്‍ഫാന്‍ പഠാനേയും പേസര്‍ ഇശാന്ത് ശര്‍മ്മയേയും വാങ്ങാന്‍ ആരുമുണ്ടായില്ല എന്നതാണ്.

എന്നാല്‍ തോല്‍ക്കാന്‍ തയ്യാറല്ല ഇര്‍ഫാന്‍. സംഭവബഹുലമായ കരിയറില്‍ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ളതാണ് ഇര്‍ഫാന്‍. ലേലം നിരാശരാക്കിയ ആരാധകര്‍ക്ക് തന്റെ ട്വീറ്ററിലൂടെ ഇര്‍ഫാന്‍ മറുപടി നല്‍കിയത് തന്റെ കരിയറിലെ പ്രതിസന്ധിഘട്ടങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ്. ഇര്‍ഫാനിലെ പോരാളി ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

‘ 2010 ല്‍ എന്റെ പുറത്തെ എല്ലുകളില്‍ അഞ്ച് പൊട്ടലുണ്ടായിരുന്നു. ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്നും ആ സ്വപ്‌നം വേണ്ടായെന്ന് വെക്കാനുമായിരുന്നു എന്റെ ഫിസിയോ എനിക്ക് നല്‍കിയ ഉപദേശം. എന്തു വേദനയും സഹിക്കാം എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കുന്നതിലുള്ള വേദന എനിക്ക് സഹിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എന്റെ മറുപടി. ‘

ഐ.പി.എല്‍ ടീമുകള്‍ തന്നെ തഴഞ്ഞതില്‍ വിഷമമുണ്ടെങ്കിലും പൊരുതാനുറച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് പഠാന്റെ തീരുമാനം.

‘ ഞാന്‍ കഠിനമായി അധ്വാനിച്ചു. വീണ്ടും ക്രിക്കറ്റ് മൈതാനത്ത് തിരികെയെത്തിയെന്ന് മാത്രമല്ല ഇന്ത്യന്‍ ടീമിലേക്കും മടങ്ങിയെത്തി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും തോല്‍വി സമ്മതിച്ചിട്ടില്ല. ഞാന്‍ അങ്ങനെയാണ്, അങ്ങനെ തന്നെ തുടരും.’ ഇര്‍ഫാന്‍ കുറിക്കുന്നു.


Also Read: മിണ്ടുക മാമുനേ…പിണറായി മിണ്ടിയേ തീരൂ; നടിക്കെതിരെ വാര്‍ത്ത നല്‍കിയ കൈരളി ചാനലിനെതിരെ നടപടിയെടുക്കണമെന്നും പി.ടി തോമസ്


പരിക്കിന്റെ പിടിയില്‍ വീണതിനാല്‍ പഠാന് പോയ സീസണില്‍ ഒരുപാട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പക്ഷെ സയ്യ്ദ് മുഷ്താഖ് അലി ട്രോഫിയിലൂടെ അഞ്ച് വിക്കറ്റ് നേട്ടം നാല് വട്ടം ആവര്‍ത്തിച്ച് വന്‍ തിരിച്ച് വരവ് നടത്തിയിരുന്നു. 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയുണ്ടായിരുന്ന ഇര്‍ഫാനെ വാങ്ങാന്‍ ആരും തയ്യാറാകാത്തതിന് പിന്നിലെ കാരണം തേടിയലയുകയാണ് ഇപ്പോഴും ആരാധകര്‍.

Advertisement