മൊസൂള്‍; ഐ.എസ് ഭീകരരെ പൂര്‍ണമായും മൊസൂള്‍ നഗരത്തില്‍ നിന്ന് തുടച്ചുനീക്കിയെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു.

യുദ്ധഭൂമിയിലെത്തിയ പ്രധാനമന്ത്രി സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചു. സൈനികരുമായി ആഹ്ലാദം പങ്കിടാന്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി മൊസൂളില്‍ നേരിട്ടെത്തി. ഐസിസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത ധീര യോദ്ധാക്കളെ അഭിനന്ദിക്കുന്നതായി ഹൈദര്‍ അല്‍അബാദി പറഞ്ഞു.


Dont Miss കേദാര്‍നാഥിനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ കടകത്തിച്ചു


ഇതിനിടെ ടൈഗ്രിസ് നദിയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച 30 ഭീകരരെ ഇറാഖിസേന വെടിവച്ചു കൊന്നു. ഒന്‍പത് മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഐ.എസിന്റെ തലസ്ഥാനം എന്നറിയപ്പെട്ടുന്ന മൊസൂള്‍ നഗരത്തെ മോചിപ്പിക്കാനായത്.

യുദ്ധത്തില്‍ ആയിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പത്ത് ലക്ഷം പേര്‍ പലായനം ചെയ്തു. മൊസൂള്‍ വീഴുന്നത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലാണ്. ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, ഐഎസില്‍നിന്ന് സേന തിരിച്ചുപിടിച്ചത്.

ഐ.എസിന്റെ ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കിയായിരുന്നു സേനയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയാണ് മൊസൂളില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയത്. ഇതിനെതിരെ െഐക്യരാഷ്ട്ര സംഘടന രംഗത്തുവന്നിരുന്നു.

അതേസമയം മൊസൂളിനു സമീപത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നു ആശങ്കയുണ്ട്. മൂന്നുവര്‍ഷം മുന്‍പാണു ആയിരക്കണക്കിന് ഐഎസ് ഭീകരര്‍ മൊസൂള്‍ പിടിച്ചടക്കിയത്. ഐഎസിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൊസൂളില്‍ ഏല്‍ക്കുന്ന തിരിച്ചടി ഐഎസ് എങ്ങനെ പ്രതിരോധിക്കുെമന്നാണ് ലോകം കാത്തിരിക്കുന്നത്.

കഴിഞ്ഞവര്‍ഷാവസാനത്തോടെ വിജയം നേടുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ യുദ്ധം മാസങ്ങള്‍ നീണ്ടുപോകുകയായിരുന്നു. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച മൊസൂളിലെ അല്‍ നൂറി പള്ളി കഴിഞ്ഞയാഴ്ച ഭീകരര്‍ തകര്‍ത്തു. ഈ പള്ളിയില്‍നിന്നാണ്, തന്നെ ഖലീഫയാക്കി 2014 ജൂലൈയില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി പ്രഖ്യാപനം നടത്തിയത്.