ബാഗ്ദാദ്: 2004ലെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട അമേരിക്കന്‍ സേനയുടെ 400,000 രേഖകള്‍ പുറത്ത് വിട്ട വിക്കി ലീക്ക്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാഖിലെ അമേരിക്കന്‍ പാവ ഭരണാധികാരി. അതീവരഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവിട്ട സമയവും സന്ദര്‍ഭവും ശരിയായില്ലെന്നാണ്  ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ പ്രധാന ആക്ഷേപം.

തന്റെ ഭരണകൂടെത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും ഇറാഖ് പ്രധാനമന്ത്രി ആരോപിച്ചു. വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ ഇറാഖിലെ തടവറയില്‍ നടന്നുവെന്ന് ആരോപിക്കുന്ന പീഡനങ്ങള്‍ തെളിയിക്കാന്‍ പറ്റിയ തൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവിട്ടിരിക്കുന്ന രേഖകള്‍ ഇറാഖികളെ പ്രകോപിപ്പിക്കുന്നതാണെന്നും രാജ്യത്തു കലാപമുണ്ടാകാന്‍ ഇതുകാരണമാകുമെന്നും മാലികി കുറ്റപ്പെടുത്തി.

ചെക്ക്‌പോയിന്റുകളില്‍ സൈന്യം നടത്തിയ വെടിവയ്പ്പുകള്‍, യുദ്ധത്തടവുകാരുടെ മേല്‍ തിളച്ച വെള്ളം ഒഴിക്കുക, വൈദ്യുതാഘാതമേല്‍പ്പിക്കുക, ഇരുമ്പുപൈപ്പുകള്‍കൊണ്ട്് പ്രഹരിക്കുക തുടങ്ങീ അമേരിക്കന്‍ സൈന്യം ഇറാഖികള്‍ക്ക് നേരെ നടത്തിയ ക്രൂരതകളാണ് വിക്കി ലീക്ക്‌സ് പുറത്ത് വിട്ട രേഖകളില്‍ കൂടുതലും. അമേരിക്കന്‍ സര്‍ക്കാറിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്ത് വിട്ടത്.