ബാഗ്ദാദ്: ഒളിവില്‍ കഴിയുന്ന ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് അല്‍ ഹഷേമിക്ക് കോടതി വധശിക്ഷ വിധിച്ചു. രണ്ട് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് വധശിക്ഷ.

Subscribe Us:

ഷിയാ വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാറുദ്യോഗസ്ഥന്മാരെ വധിക്കാന്‍ ഹഷേമി ഉത്തരവിട്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു കേസും വാറന്റും. 2011 ഡിസംബര്‍ 19നാണ് ഇറാഖ് സര്‍ക്കാര്‍ ഹഷേമിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

Ads By Google

ഇതേത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഹഷേമി അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദ് മേഖലയിലേക്കാണ് ആദ്യം കടന്നത്. പിന്നെ അവിടെനിന്ന് ഖത്തറിലേക്കും തുടര്‍ന്ന്‌
തുര്‍ക്കിയിലേക്കും പോയി. ഇതോടെ ഇന്റര്‍പോള്‍ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

രാജ്യത്ത്‌ നടന്ന 150 കൊലപാതകങ്ങളിലെങ്കിലും ഹഷേമിക്ക് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കൊലപാതകങ്ങള്‍ നടത്താന്‍ ഹഷേമി ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ മുന്‍ അംഗരക്ഷകരില്‍ ചിലര്‍ വിചാരണ വേളയില്‍ മൊഴി നല്‍കുകയും ചെയ്തു.

രണ്ട് കൊലപാതകങ്ങളില്‍ ഹഷേമിക്കും മരുമകനും പങ്കുണ്ടെന്നാണ് കോടതി ഞായറാഴ്ച വിധിച്ചത്. മൂന്നാമതൊരു കേസ് തെളിവില്ലെന്നുപറഞ്ഞ് തള്ളി.  സുന്നി നേതാവായ ഹഷേമിക്കെതിരായ നടപടി ഷിയാ പ്രധാനമന്ത്രി ഭരണം നടത്തുന്ന ഇറാഖിലെ വംശീയ സംഘര്‍ഷങ്ങള്‍ ഒന്നുകൂടി രൂക്ഷമാകാന്‍ വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാഖില്‍ അമേരിക്കയുടെ അധിനിവേശത്തെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍വന്ന കൂട്ടുകക്ഷി സര്‍ക്കാറില്‍ സുന്നികളുടെ പ്രതിനിധിയായിരുന്നു ഹഷേമി.

അതേസമയം ഹഷേമിക്കെതിരായ പരാതികള്‍ കെട്ടിച്ചമച്ചതാണെന്നാണ് സുന്നി നേതാക്കള്‍ പറയുന്നത്.