എഡിറ്റര്‍
എഡിറ്റര്‍
ഇറാഖിലെ മൂസില്‍ അണക്കെട്ട് മൂന്നുമാസത്തിനകം തകരുമെന്ന് പഠനം
എഡിറ്റര്‍
Tuesday 19th June 2012 5:05pm

കുവൈത്ത്സിറ്റി : ഇറാഖിലെ മൂസില്‍ അണക്കെട്ട് മൂന്ന് മാസത്തിനകം തകരുമെന്ന് പഠനം. ഇറാഖിലെ ഭൗമ പഠനകേന്ദ്രം നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ടുള്ളത്. ടൈഗ്രീസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ട് തകര്‍ന്നാല്‍ മൂസില്‍, ബാഗ്ദാദ് എന്നീ പട്ടണങ്ങള്‍ നാമാവശേഷമാവും. മൂസില്‍ നഗരത്തില്‍ 65 അടി ഉയരത്തില്‍ പൊങ്ങുന്ന ജലം മൂന്ന് ദിവസത്തിനകം ബാഗ്ദാദ് നഗരം വെള്ളത്തിനടിയിലാക്കുമെന്ന് പഠനത്തില്‍ പറയുന്നു.

ഡാം തകര്‍ന്നാല്‍ അയല്‍ രാജ്യമായ കുവൈറ്റിലും നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ട് സ്ഥിതി ചെയ്യുന്ന ടൈഗ്രീസ് നദി കുവൈറ്റില്‍ നിന്നും 150 കി.മി. മാത്രം ദൂരമുള്ള ഇറാഖി പട്ടണമായ ബസ്‌റയിലാണ് എത്തിച്ചേരുന്നത്. ഇവിടെ നിന്നും അറേബ്യന്‍ ഗള്‍ഫ് ഉള്‍ക്കടലിലാണ് നദി ചെന്നെത്തുന്നത്. ഇതാണ് കുവൈറ്റ് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. അണക്കെട്ടില്‍ നിന്നും 700 കി.മി. അകലെയാണ് കുവൈറ്റിലെ ജനവാസ കേന്ദ്രമെന്നതിനാല്‍ ആളപായ സാധ്യതയില്ല.

1985 ല്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്‍ നിര്‍മ്മിച്ചതാണ് അണക്കെട്ട്. 2008 ല്‍ അമേരിക്കന്‍ അധിനിവേശസേന നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും അപകടാവസ്ഥയിലുള്ള അണക്കെട്ടായാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഡാം പുനര്‍നിര്‍മ്മിക്കുന്നതിനായി പുതിയ പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 11.1 ക്യുബിക് കി.മി. ജലസംഭരണ ശേഷിയുള്ള ഡാമിന്റെ സുരക്ഷയില്‍ ആശങ്കപ്പെടാനില്ലെന്ന് പറഞ്ഞ് അന്നത്തെ സര്‍ക്കാര്‍ പദ്ധതി തള്ളുകയായിരുന്നു.

അണക്കെട്ടിന്റെ തകര്‍ച്ച മൂലം ടൈഗ്രീസ് നദിയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയും അറേബ്യന്‍ ഉള്‍ക്കടലിലേക്ക് കുതിച്ചെത്തുന്ന വെള്ളവും എന്തെല്ലാം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി നിരീക്ഷകര്‍.

Advertisement