എഡിറ്റര്‍
എഡിറ്റര്‍
20 വര്‍ഷത്തിന് ശേഷം ഇറാഖ്-കുവൈത്ത് വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു
എഡിറ്റര്‍
Saturday 7th April 2012 3:22pm

കുവൈത്ത്: ഇറാഖ്-കുവൈത്ത് യുദ്ധത്തിന് ശേഷം നിശ്ചലമായ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വ്വീസ് 20 വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു. ഇറാഖും കുവൈത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നല്ലൊരു അവസരമാണെന്ന് ഇക്കാര്യം സ്ഥിരീകരിച്ച ഇറാഖ് ഗതാഗത മന്ത്രിയുടെ ഉപദേശകന്‍ കരീം അല്‍ നൂരി അഭിപ്രായപ്പെട്ടു.

കുവൈത്തിലെ ഏക സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയര്‍വെയ്‌സാണ് സര്‍വീസ് തുടങ്ങുന്നത്. തലസ്ഥാനമായ ബഗ്ദാദിലേക്കും നജഫ് നഗരത്തിലേക്കും ആഴ്ചയില്‍ നാലു വീതം സര്‍വീസുകള്‍ നടത്താനാണ് ജസീറ എയര്‍വേയ്‌സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഇറാഖ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നാസര്‍ ഹുസൈന്‍ അല്‍ ബന്ദര്‍ അറിയിച്ചു.

1990ല്‍ സദ്ദാം ഹുസൈ ന്റെ സൈന്യം കുവൈത്തില്‍ അധിനിവേശം നടത്തിയ ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതുവരെ വിമാന സര്‍വീസ് ഉണ്ടായിട്ടില്ല. കുവൈറ്റില്‍ നിന്നും പത്തോളം വിമാനങ്ങള്‍ ഇറാഖ് കടത്തികൊണ്ടു പോയിരുന്നു. ഈ കേസില്‍ ഇറാഖ് 120 കോടി ഡോളര്‍ കുവൈറ്റിനു നഷ്ടപരിഹാരം നല്‍കണമെന്ന് ലണ്ടന്‍ കോടതി വിധി വന്നിരുന്നു. എന്നാല്‍ ഇറാഖ് ഇത് നല്‍കിയിരുന്നില്ല.

സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തില്‍ സന്ദര്‍ശനം നടത്തിയ ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി നഷ്ടപരിഹാരമായി 50 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചതോടെയാണ് വ്യോമയാന രംഗത്തെ തര്‍ക്കത്തിന് അയവുവന്നത്. ഇതിനുപിന്നാലെയാണ് ജസീറ എയര്‍വേയ്‌സിന് ഇറാഖിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Malayalam News

Kerala News in English

Advertisement