ഇറാഖ്: വനിതാ ചാവേര്‍ ആക്രമണങ്ങള്‍ തടയാന്‍ വനിതാ സൈനികരെ നിയമിക്കുമെന്ന് ഇറാഖ് ഭരണകൂടം. സൈന്യത്തില്‍ വനിതകളെ കൂടുതലായി നിയമിച്ച് വിദഗ്ധ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads By Google

Subscribe Us:

സ്ത്രീകള്‍ പങ്കാളികളായ  ചാവേര്‍ ആക്രമണങ്ങളും സ്‌ഫോടന പരമ്പരകളും സ്ഥിരമായതാണ്  ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

സ്ത്രീകളെ പരിശോധിക്കാന്‍ സ്ത്രീകള്‍ തന്നെ വേണമെന്ന നിയമം മൂലം  വനിതാ ചാവേറുകള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ എളുപ്പമാണ്. സൈന്യത്തില്‍ ആവശ്യത്തിന് വനിതകളില്ലാത്തതിനാല്‍ ചെക്ക്്‌പോസ്റ്റ് വഴിയും മറ്റും എത്തുന്ന ഇത്തരത്തിലുള്ളവരെ പരിശോധിക്കാനും തിരിച്ചറിയാനും സേനയ്ക്ക് സാധിക്കാറില്ല.

ഈ സാഹചര്യം ആക്രമികള്‍ നന്നായി മുതലെടുക്കുന്നുണ്ട്. അടുത്തിടെ നടന്ന പല ആക്രമങ്ങളിലും പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീ ചാവേറുകളാണ് കൂടുതലും.

സൈന്യത്തിലെ സ്ത്രീകള്‍ ഭൂരിഭാഗവും ആശുപത്രിയിലും, സ്‌കൂളുകളിലും , സെക്യൂരിറ്റി വിഭാഗത്തിലുമൊക്കെയാണ് ജോലി ചെയ്യുന്നത്. വനിതാചാവേര്‍ ആക്രമണങ്ങള്‍ തിരിച്ചറിയാനാകാതെ ഇറാഖ് സൈന്യം ദുരിതത്തിലായിരിക്കുകയാണ്

ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സേനയിലേക്ക് വനിതകളെ കൂടുതല്‍ ക്ഷണിക്കുവാനും പരിശീലനം നല്‍കുവാനും പ്രതിരോധ വിഭാഗം തയ്യാറായത്.

പുരുഷമേധാവിത്വമുള്ള പ്രതിരോധ വിഭാഗത്തില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം തരാന്‍ ഭരണകൂടം തയ്യാറായ സന്തോഷത്തിലാണ് വനിതാസൈനികര്‍.

താരതമ്യേന യുദ്ധങ്ങള്‍ അവസാനിച്ചെങ്കിലും ചാവേര്‍ ആക്രമണങ്ങളും സ്‌ഫോടനങ്ങളും ഇപ്പോഴും ഇറാഖില്‍ തുടരുന്നുണ്ട്. ഒരു പരിധിവരെ വനിത സൈനികരുടെ സേവനം ഇത്തരം പ്രശ്‌നങ്ങള്‍ തടയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.