എഡിറ്റര്‍
എഡിറ്റര്‍
എണ്ണ ഇറക്കുമതി : ഇന്ത്യയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു
എഡിറ്റര്‍
Tuesday 12th June 2012 10:28am

വാഷിങ്ടണ്‍ : ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ എതിര്‍ത്തു കൊണ്ട് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ചു.  രാജ്യം എണ്ണ ഇറക്കുമതി കുറച്ചതിനാലാണ് നിരോധനം പിന്‍വലിച്ചതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അറിയിച്ചു.

അന്താരാഷ്ട്ര സമൂഹത്തില്‍ ആശങ്ക കണക്കിലെടുത്ത് പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ ഇറാനെ ഒറ്റപ്പെടുത്തണമെന്ന് ഹിലാരി അഭിപ്രായപ്പെട്ടു. പെട്രോളിയം ഇറക്കുമതി കുറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനും പത്ത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും മേലുള്ള നിയന്ത്രണവും എടുത്തിരുന്നു.

എന്നാല്‍ ഇറാന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന ഇതുവരെ വ്യാപാരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ചൈനയുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഹിലാരി പറഞ്ഞു.

ആണവസമ്പുഷ്ടീകരണത്തില്‍ നിന്നും പിന്തിരിയണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇറാന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായ എണ്ണവ്യാപാരം പ്രതിസന്ധിയിലാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഇറക്കുമതി കുറക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

അതേസമയം സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ആണവസംമ്പുഷ്ടീകരിക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. പ്രശ്‌നത്തില്‍ അടുത്ത ആഴ്ച്ച മോസ്‌കോയില്‍ വെച്ച് ഇറാന്‍ പ്രതിനിധികളുമായി അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Advertisement