പനാജി: ഗോവയില്‍ നടക്കുന്ന 42ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറിയില്‍ നിന്നും ഇറാനിയന്‍ സംവിധായിക പിന്മാറി. തെഹ്മീന്‍ മിലാനിയാണ് പിന്മാറിയത്. ജൂറിയില്‍ ഇസ്രായേല്‍ സംവിധായകന്‍ ഡാന്‍ വോള്‍മാനൊപ്പം ജൂറിയില്‍ അംഗമാവില്ലെന്ന് പറഞ്ഞാണ് മിലാനി പിന്മാറിയത്.

ടെഹ്‌റാന്റെ അണ്വായുധങ്ങള്‍ക്കെതിരെ ഇസ്രായേലിന്റെ പ്രതിഷേധം ഇറാന്‍- ഇസ്രായേല്‍ ബന്ധം വഷളാക്കിയിരുന്നു. ഇറാനിലെ സിനിമയുടേയും കലയുടേയും ലോകത്തും ഈ വിദ്വേഷം പ്രതിഫലിച്ചിരുന്നു.

Subscribe Us:

ജൂറിയില്‍ ഇസ്രായേല്‍ സംവിധായകന്‍ ഡാന്‍ വോള്‍മാന്‍ പങ്കെടുക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇസ്രായേല്‍ പാലസ്തീന്‍ തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ സംവിധായകനൊപ്പം ജൂറിയില്‍ സഹകരിക്കാന്‍ സാധ്യമല്ലെന്നും ചൂണ്ടികാണിച്ചാണ് തഹ്മിന മിലാനി പിന്മാറിയിരിക്കുന്നത്. ഇസ്രായേലുകാരനൊപ്പം താന്‍ ജൂറിയില്‍ അംഗത്വം പങ്കിടുന്നത് ഇറാനിലും പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. തെഹ്‌റാന്‍ ടൈംസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചു.

‘ജൂറി അംഗങ്ങളുടെ ലിസ്റ്റ് എനിക്ക് ലഭിച്ചപ്പോള്‍ ഞാന്‍ ക്ഷണം സ്വീകരിച്ചു.  കൊറിയന്‍ ചലച്ചിത്രകാരനായ ലീ യോങ് ക്വാനും ഡാനിഷ് ഫിലിംമേക്കര്‍ സുസൈന്‍ ബിയറും ഉണ്ടെന്ന് കണ്ടെപ്പോള്‍ എനിക്ക് ഏറെ ആവേശമായി.’ കത്തില്‍ മിലാനി പറയുന്നു.

എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് വിഭിന്നമായി ഡാനിഷ് സംവിധായിക സൂസന്‍ ബിയറിന് അവസാന നിമിഷം മേളയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതുകൊണ്ടാണ് ഇസ്രായേല്‍ സംവിധായകനെ ഉള്‍പ്പെടുത്തിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇതാദ്യമായല്ല മിലാനി ഇറാനി അധികൃതരില്‍ നിന്നും സമ്മര്‍ദ്ദം നേരിടുന്നത്. 2001ലെ മിലാനിയുടെ ചിത്രം നിംഅ- ഇ-പിന്‍ഹാന്‍ ഇറാനില്‍ ഏറെ ചലനങ്ങളുണ്ടാക്കിയിരുന്നു. ഇറാനിലെ ഷാ വംശജര്‍ക്കെതിരാണ് ഈ ചിത്രമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മിലാനിയെ തടവിലിടുകയും ചെയ്തിരുന്നു. ഈ ചിത്രത്തില്‍ പറയുന്ന പ്രണയകഥയും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പെണ്‍കുട്ടി തന്നെക്കാള്‍ ഏറെ പ്രായമുള്ള പുരുഷനോട് തോന്നിയ പ്രണയമായിരുന്നു മിലാനി ചിത്രീകരിച്ചത്.

Malayalam News

Kerala News in English