ടെഹ്‌റാന്‍: ഡ്രസ് കോഡ് വിവാദം ബാഡ്മിന്റണ്‍ വിട്ട് ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക്. ഇസ്‌ലാമിക നിയമം അനുസരിച്ച് തലമറയ്ക്കുന്ന തട്ടമിട്ട് കളിക്കാന്‍ അനുവദിക്കണമെന്ന ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ആവശ്യം ഫിഫ തള്ളി. അടുത്ത വര്‍ഷത്തെ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതാ മല്‍സരത്തില്‍ നിന്ന് ടീമിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച്ച അമാനില്‍ ജോര്‍ദാനെതിരേയായിരുന്നു മല്‍സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഡ്രസ് കോഡ് മാറ്റാതെ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഫിഫ. ഇതിനെതിരേ പരാതി നല്‍കുമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അലി ഖഫാഷിയാന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷവും ഡ്രസ് കോഡുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉടലെടുത്തിരുന്നു. അന്നും ടീമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വസ്ത്രധാരണത്തില്‍ ഫിഫ നിഷ്‌കര്‍ഷിക്കുന്ന മാറ്റങ്ങള്‍ വരുത്തിയെന്നായിരുന്നു ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അവകാശപ്പെട്ടത്.

എന്നാല്‍ ട്രാക്ക്‌സ്യൂട്ടും തട്ടവും ധരിച്ച് പരിശീലനം നടത്തുന്ന വനിതാ താരങ്ങളുടെ ചിത്രം ഒരു വൈബ്‌സൈറ്റ് പ്രസിദ്ധീകരിച്ചതോടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കിയത്.