ടെഹ്‌റാന്‍: പുതിയ ദീര്‍ഘദൂര മിസൈല്‍ ഉടന്‍ പരീക്ഷിക്കുമെന്ന് ഇറാന്‍ പ്രതിരോധമന്ത്രി മെഹ്ദി ഫറാഹി അറിയിച്ചു. രാജ്യം അതിനായി തയ്യാറെടുത്ത് കഴിഞ്ഞെന്നും അധികം വൈകാതെ തന്നെ മിസൈല്‍ പരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

രണ്ടായിരം കിലോമീറ്റര്‍ ദൂരശേഷിയുള്ള മെഷ്‌ക്കാത്ത് ക്രൂയി എന്നുപേരുള്ള മിസൈല്‍ ആഭ്യന്തരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ വിവിധതരത്തിലുള്ള 14 ക്രൂയിസ് മിസൈലുകള്‍ ഇറാന്‍ നിര്‍മിക്കുന്നുണ്ടെന്നും ഫറാഹി പറഞ്ഞു. ക്രൂയി മിസൈല്‍ കരയിലാണോ കടലിലാണോ പരീക്ഷിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഇറാന്റെ ആണവായുധ നിര്‍മാണത്തെക്കുറിച്ചുള്ള അമേരിക്കന്‍ വാദങ്ങള്‍ കെട്ടുകഥകള്‍ മാത്രമാണെന്നും സംഭവങ്ങളെ അതിശയോക്തി കലര്‍ത്തി പറയുകയാണ് ചെയ്യുന്നതെന്നും മെഹ്ദി ഫറാഹി കുറ്റപ്പെടുത്തി.

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ പരീക്ഷണവുമായി രംഗത്തെത്തുന്നത്. ആണവ പരിപാടിയുമായി ബന്ധപ്പെട്ട ചുമതലകള്‍ ഇറാന്‍ നിറവേറ്റാത്ത സാഹചര്യത്തിലാണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ആണവ പദ്ധതികള്‍ ഊര്‍ജാവശ്യത്തിന് വേണ്ടി മാത്രമാണെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഇറാന്റെ അവകാശവാദം വിശ്വാസത്തിലെടുക്കാന്‍ അമേരിക്ക തയ്യാറല്ല.