ടെഹ്‌റാന്‍: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ അലോസരം പകരുന്ന പുതിയ നീക്കവുമായി ഇറാന്‍ രംഗത്ത്. പുതിയ ആണവനിലയം നിര്‍മിക്കുന്ന പ്രഖ്യാപനത്തോടെയാണ് ഇത്തവണ ഇറാന്‍ മുന്നോട്ടുവന്നിരിക്കുന്നത്.

2014ഓടെ പുതിയൊരു ആണവനിലയം നിര്‍മിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ബൂശഹറില്‍ 1000 മെഗാവാട്ട് ശേഷിയുള്ള നിലയനിര്‍മാണം 2013 മാര്‍ച്ചില്‍ ആരംഭിച്ച് 2014ഓടെ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യമെന്ന് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ബൂശഹറില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന നിലയത്തിന്റെ നിര്‍മാണത്തിന് 1970കളില്‍ ജര്‍മന്‍ എന്‍ജിനീയര്‍മാരാണ് തുടക്കം കുറിച്ചത്. പിന്നീട് റഷ്യന്‍ വിദഗ്ധര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഇറാനെ ആണവപദ്ധതികളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബഗ്ദാദില്‍ വന്‍ശക്തി രാഷ്ട്രപ്രതിനിധികള്‍ നടത്തിയ ചര്‍ച്ച ഏറക്കുറെ പരാജയപ്പെട്ടതായാണ് സൂചന. ജൂണ്‍ 16ന് മോസ്‌കോയില്‍ വീണ്ടും ആണവചര്‍ച്ച നടത്താന്‍ ധാരണയിലെത്തിയെങ്കിലും പൂര്‍വനിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയാറാകാതെയാണ് ഇരുപക്ഷവും ബഗ്ദാദ് ചര്‍ച്ച അവസാനിപ്പിച്ചത്.