Categories

പാക് – ഇറാന്‍ പ്രകൃതി വാതക കരാര്‍ ഒപ്പുവെച്ചു: ഇന്ത്യ ഒഴിവായി

ഇസ്‌ലാമാബാദ്: ഇറാനില്‍ നിന്നു പൈപ്പ്‌ലൈന്‍ വഴി പാകിസ്താനിലേക്കു പ്രകൃതി വാതകം എത്തിക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പദ്ധതിയില്‍ പങ്കാളിയാകുമെന്നു പറഞ്ഞിരുന്ന ഇന്ത്യയെ കരാറില്‍ നിന്നും മാറി നിന്നു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ കരാര്‍ ഒഴിവാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.

തുര്‍ക്കി തലസ്ഥാനമായ ഇസ്താന്‍ബുളില്‍ വെച്ചാണ് പാകിസ്താന്റെ ഇന്റര്‍ സ്‌റ്റേറ്റ് ഗ്യാസ് സിസ്റ്റവും ഇറാനിയന്‍ ഓയില്‍ കമ്പനിയും കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ ഇപ്പോള്‍ പദ്ധതിയില്‍ പങ്കാളിയല്ലെന്ന് പാകിസ്താന്റെ പെട്രോളിയം മന്ത്രി സയിദ് നവീദ് ഖമര്‍ അറിയിച്ചു.

എന്നാല്‍ ഭാവിയില്‍ ഇന്ത്യ പദ്ധതിയില്‍ ചേരുകയാണെങ്കില്‍ അവിടേക്കുള്ള പ്രകൃതി വാതകവും പാകിസ്താന്‍ വഴി കൊണ്ടുവരാന്‍ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായുള്ള പ്രകൃതി വാതക പദ്ധതിയില്‍ തുടക്കത്തില്‍ ഇന്ത്യ നല്ല താത്പര്യം കാണിച്ചിരുന്നു. കടത്തുകൂലിയെച്ചൊല്ലി പാകിസ്താനുമായുള്ള ഭിന്നത കാരണം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടു പോവുകയായിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യ ഇതില്‍ താത്പര്യം കാണിക്കാതിരുന്നത് അമേരിക്കയുടെ സമ്മര്‍ദം കാരണമാണെന്ന് പരാതി ഉയര്‍ന്നു.

ഇറാനുമായി ഇന്ത്യ സഹകരിക്കുന്നതിനോട് അമേരിക്കയ്ക്ക് എതിര്‍പ്പായിരുന്നു. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്കയുമായുള്ള ആണവക്കരാറാണെന്ന നിലപാടാണ് ഇന്ത്യയിലെ ഭരണകൂടം സ്വീകരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.