ജാംനഗര്‍: ഗുജറാത്തില്‍ നിന്ന് ദുബായിലേക്ക് യാത്രതിരിച്ച ഇന്ത്യന്‍ കപ്പല്‍ ഇറാന്‍ നാവികസേന പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കപ്പലിലെ ഒന്‍പത് ജീവനക്കാരെ രണ്ടാഴ്ചയായി ഇറാന്‍ അധികൃതരുടെ കസ്റ്റഡിയിലാണ്. എം.വി.എസ് റംബാന്‍ എന്ന കപ്പലാണ് ഇറാന്‍ പിടികൂടിയത്. ഫിബ്രവരി 11ന് ഗുജറാത്തിലെ കച്ചില്‍ നിന്ന് ആടുകളുമായി പുറപ്പെട്ടതായിരുന്നു കപ്പല്‍.

‘ കാലാവസ്ഥ മോശമായിരുന്നു. തുടര്‍ന്ന് കപ്പല്‍ കൊണറാക് തീരത്തോട് അടുപ്പിച്ചു. ഫെബ്രുവരി 16ന് രാവിലെ ഇറാന്‍ നേവി അധികൃതര്‍ കപ്പല്‍ പിടികൂടി. ഗുജറാത്ത് കപ്പല്‍ സംഘടനാ നേതാവ് അഹമ്മദ് ഭയ പറയുന്നു.

കപ്പലിലുണ്ടായിരുന്ന എട്ട് പേര്‍ സലയ സ്വദേശികളും ഒരാള്‍ ജാംനഗറുകാരനുമാണ്.

ആടുകളെ കൊണ്ടുപോകുന്നതിനുള്ള എല്ലാ രേഖകളും ജീവനക്കാരുടെ കൈയിലുണ്ടെന്ന് കപ്പലിന്റെ ഉടമ ഗഫാര്‍ മുഹമ്മത് കെര്‍ പറഞ്ഞു.ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാറുമായും ഇറാനിലെ എംബസിയുമായും ബന്ധപ്പെട്ടുവരുന്നതായും ഗഫാര്‍ പറഞ്ഞു.