ടെഹ്‌റാന്‍: അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ  ഭീഷണികള്‍ക്കെതിരെ ചേരി ചേരാ ഉച്ചകോടിയില്‍ ഇറാന്റെ രൂക്ഷ വിമര്‍ശനം. അമേരിക്ക തങ്ങളെ വിരട്ടാന്‍ നോക്കണ്ടെന്നാണ് ഉച്ചകോടിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ സലേഹി പറഞ്ഞത്.

Ads By Google

ആണവ പദ്ധതികളുടെ പേരില്‍ ഇറാനെ ശിക്ഷിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ചേരി ചേരാ രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അലി അക്ബര്‍ സലേഹി ആഹ്വാനം ചെയ്തു.  ചേരി ചേരാ ഉച്ചകോടിക്ക് തുടക്കം കുറിച്ചു നടന്ന ആദ്യ സമ്മേളനത്തിലാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികള്‍ക്കെതിരെ ഇറാന്‍ ആഞ്ഞടിച്ചത്.

ഇറാനെതിരെയുള്ള ഭീഷണി ആഗോള രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് പതിനാറാമത് ചേരി ചേരാ ഉച്ചകോടിക്ക് ഇറാനില്‍ തുടക്കമായത്. അമേരിക്കന്‍ താല്പ്പര്യത്തെ മറികടന്ന് ഐക്യ രാഷ്ട്രസഭ സെക്രടറി ജനറല്‍ ബാന്‍കി മൂണ്‍ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകതയാണ്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ ടെഹ്‌റാനില്‍ എത്തും. 120 രാജ്യങ്ങളാണ് 31 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.