എഡിറ്റര്‍
എഡിറ്റര്‍
ജൂലിയന്‍ അസാഞ്ചെയെ സ്വീഡനിലേക്ക് മാറ്റുമെന്ന് ഇക്വഡോര്‍
എഡിറ്റര്‍
Sunday 23rd September 2012 8:38am

മെക്‌സികോ സിറ്റി: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ ലണ്ടനിലെ എംബസിയില്‍ നിന്നും സ്വീഡനിലെ എംബസിയിലേക്ക് മാറ്റാന്‍ ഇക്വഡോര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

സ്വീഡനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ബ്രീട്ടീഷ് അധികൃതരോട് അനുവാദം ചോദിക്കുമെന്നും ഇക്വഡോര്‍ വിദേശകാര്യമന്ത്രി റികാര്‍ഡോ പാറ്റിനോ മാധ്യമങ്ങളോട് പറഞ്ഞു.

Ads By Google

സ്വീഡിഷ് നിയമസംവിധാനത്തിനുകീഴില്‍ അസാഞ്ചെയ്ക്ക് കേസ് നടത്താന്‍ സഹായകമാകുമെന്നതിനാലാണ് അദ്ദേഹത്തെ മാറ്റാന്‍ തയ്യാറകുന്നതെന്നും പാറ്റിനോ പറഞ്ഞു.

സ്വീഡന് കൈമാറാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജൂണ്‍ മുതല്‍ അസാഞ്ചെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്.

ആഗസ്ത് 15ന് അസാഞ്ചിന് രാഷ്ട്രീയാഭയം നല്‍കാനും ഇക്വഡോര്‍ തീരുമാനിച്ചിരുന്നു. എങ്കിലും എംബസിയില്‍ നിന്നും പുറത്തിറങ്ങിയാലുടന്‍ അസാഞ്ചെയെ അറസ്റ്റുചെയ്യുമെന്ന് ബ്രീട്ടീഷ് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വീഡനില്‍ ലൈംഗികാതിക്രമത്തിന് അസാഞ്ചെയ്‌ക്കെതിരെയുള്ള കേസ് നിലനില്‍ക്കുന്നുണ്ട്.

അതേസമയം സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസ് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസാഞ്ചെ അടുത്തിടെ പറഞ്ഞിരുന്നു. ഒരു വര്‍ഷമെങ്കിലും തനിയ്ക്ക് ഇക്വഡോര്‍ എംബസിയില്‍ തന്നെ കഴിയേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അസാഞ്ചെ വ്യക്തമാക്കി.

ബലാത്സംഗക്കേസില്‍ അസാഞ്ചെയെ സ്വീഡന് കൈമാറുമെന്ന് വന്നപ്പോഴാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. തന്നെ സ്വീഡന് കൈമാറിയാല്‍ അവര്‍ തന്നെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുമെന്നാണ് അസാഞ്ചെയുടെ പക്ഷം.

ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചെ സ്ഥാപിച്ച വിക്കിലീക്‌സ് അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്ത് വിട്ടത് 2010 ലാണ്. അന്നുമുതല്‍ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടാണ്.

Advertisement