മുംബൈ:അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇളയസഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനുനേരെ അജ്ഞാതരുടെ ആക്രമണം. സംഭവത്തില്‍ ഇഖ്ബാല്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടു.

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുവെച്ച് രാത്രി 9.15 ഓടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികള്‍ ഇഖ്ബാലിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

രാത്രിഭക്ഷണത്തിനുശേഷം സഹായികള്‍ക്കൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.ഏതാനും സെന്റിമീറ്റുകള്‍ മാത്രം ദൂരെ നിന്നുണ്ടായ ആക്രമണത്തില്‍ മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയ അംഗരക്ഷകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുംബൈയിലെ രണ്ടു കുറ്റവാളികള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.