ന്യൂദല്‍ഹി: പണമെറിഞ്ഞ് പണംവാരാനുള്ള ബി.സി.സി.ഐയുടെ മികവ് നേരത്തേ വെളിപ്പെട്ടതാണ്. ഇത്തരത്തില്‍ നേടിയ സാമ്പത്തിക മേല്‍ക്കോയ്മയാണ് ഐ.സി.സിയെ ചൊല്‍പ്പടിക്കുനിര്‍ത്താന്‍ ബി.സി.സി.ഐയെ സഹായിക്കുന്നതും. ഐ.പി.എല്‍ നാലാം സീസണിലും സ്ഥിതി വ്യത്യസ്തമല്ല.

ആയിരം കോടി രൂപയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തിലൂടെ ഇത്തവണ ബി.സി.സി.ഐ നേടാന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ഐ.പി.എല്ലിലൂടെ നേടിയതിനേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വരും ഇത്. ടീം ഫ്രാഞ്ചൈസികളുടെ ഫീസ് ഇനത്തിലൂടെയാണ് വരുമാനത്തിന്റെ മുഖ്യപങ്കും ലഭിക്കുന്നത്.

ഐ.പി.എല്‍ ശരിക്കും കോടികള്‍ ലാഭം നേടാവുന്ന ബിസിനസായി മാറിക്കഴിഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ താരംകൂടിയായ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. കൊച്ചിയും സഹാറ പൂനെയും ഒഴികെയുള്ള എല്ലാ ഫ്രാഞ്ചൈസികളും ഇതിനകംതന്നെ ലാഭം നേടിയിട്ടുണ്ടെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ വെറുതേ വാരിക്കോരി പണം നല്‍കുകയല്ല, മറിച്ച് കളിക്കാരുടെ പ്രകടനത്തിന് അനുസരിച്ച് മാത്രമാണ് പ്രതിഫലം ലഭിക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് കോച്ച് രഘു അയ്യര്‍ പറഞ്ഞു. വെറുതെയല്ല പൊള്ളാര്‍ഡും ഗെയ്‌ലും മലിംഗയുമെല്ലാം രാജ്യസ്‌നേഹം മാറ്റിവെച്ച് ഐ.പി.എല്ലില്‍ കച്ചമുറുക്കിയിറങ്ങിയിരിക്കുന്നത്.