മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ ചെയര്‍മാനെ ഈ മാസം 19ന് മുംബൈയില്‍ ചേരുന്ന ബിസിസിഐയുടെ എണ്‍പത്തി രണ്ടാമത് വാര്‍ഷിക സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. നിലവിലെ ചെയര്‍മാന്‍ ചിരായു അമീന്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ ് ബിസിസിഐ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്.

2010ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്നു ലളിത് മോഡിയെ ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കിയതിനെ തുടര്‍ന്നാണു ചിരായു അമീന്‍ സ്ഥാനമേറ്റെടുത്തത്. ബിസിസിഐയുടെ പുതിയ പ്രസിഡണ്ടിനെയും യോഗത്തില്‍ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ശശാങ്ക് മനോഹറിന് പകരമാണ് പുതിയ പ്രസിഡണ്ടിനെ തേടുന്നത്. സെക്രട്ടറി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ എന്‍.ശ്രീനിവാസന്‍ പുതിയ പ്രസിഡണ്ടാവുമെന്നാണ് കരുതുന്നത്.

പുതിയ സെലക്ഷന്‍ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതും യോഗത്തിന്റെ പ്രധാന അജണ്ടയാണ്. ഇംഗ്ലണ്ട് പര്യാടനത്തിലെ ഇന്ത്യയുടെ ദയനീയ പരാജയത്തെതുടര്‍ന്ന് കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള നിയുക്ത സെലക്ഷന്‍ സമിതിയെ ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.