ന്യൂദല്‍ഹി: ഐ.പി.എല്‍ സീസണ്‍ 6 തുടങ്ങാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കേ വേദിയെ കുറിച്ചുള്ള ആശങ്കകള്‍ അവസാനിക്കുന്നില്ല. ശ്രീലങ്കന്‍ വിരുദ്ധ വികാരം തമിഴ്‌നാട്ടില്‍ അലയടിക്കുന്നതിനിടയില്‍ ശ്രീലങ്കന്‍ താരങ്ങളുമായി ചെന്നൈയില്‍ സുരക്ഷിതമായി മത്സരം നടത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഐ.പി.എല്‍ ടീമുകള്‍.

Ads By Google

ടീമുകളുടെ ആശങ്ക ബി.സി.സി.ഐയെ ഫ്രാഞ്ചൈസികള്‍ അറിയിച്ചിട്ടുണ്ട്. ഐ.പി.എല്ലിന്റെ പ്രധാന വേദിയായ ചെന്നൈയിലെ മത്സരമാണ് ടീമുകളെ ആശങ്കയിലാക്കിയിരിക്കുന്നത്.

ശ്രീലങ്ക തമിഴര്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ താരങ്ങളുടെ സുരക്ഷാ ക്രമീകരണവും ചര്‍ച്ചാവിഷയമാകുന്നുണ്ട്.

ശ്രീലങ്കന്‍ താരങ്ങളെ ചെന്നൈയില്‍ കളിപ്പിക്കാന്‍ ടീമുകള്‍ വിമുഖത കാണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. നേരത്തേ തെലുങ്കാന വിഷയത്തിന്റെ പേരില്‍ ഹൈദരാബാദിലെ ഐ.പി.എല്‍ വേദിയും ഒഴിവാക്കിയിരുന്നു.