എഡിറ്റര്‍
എഡിറ്റര്‍
പത്താം പൂരത്തിന്റെ കൊടിക്കു കീഴെ ഉദിച്ചവരും വീണവരും
എഡിറ്റര്‍
Thursday 11th May 2017 1:47pm


മിന്നുതെല്ലാം പൊന്നല്ല, ചവറ്റുകുട്ടയില്‍ കിടന്നാലും മാണിക്യം മാണിക്യം തന്നെയാണ്’. മലയാളത്തിലെ ഈ രണ്ട് പഴഞ്ചൊല്ല് ഐ.പി.എല്ലില്‍ ആണ് കൂടുതല്‍ പ്രാവര്‍ത്തികം.  ഐ.പി.എല്ലൊരു നിറകാഴ്ച ആണ്. അവിടെ തിളങ്ങുന്നവന് ലഭിക്കുന്ന പ്രശസ്തി വാനോളം ആണ്.


ലളിത് മോഡിയുടെ ഭാവനയില്‍ വിരിഞ്ഞ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് വിജയകരമായ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വീഴ്ചകളും ഉദയങ്ങളും വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നമ്മുടെ വീട്ടില്‍ ,മനസ്സില്‍ ,സദസ്സില്‍ വിരുന്നെത്തിയിട്ട് പത്തു വര്‍ഷം ആയിരിക്കുന്നു. നമ്മുടെ ചര്‍ച്ചകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടി പരസ്പരം പടവെട്ടുന്നത് കടന്നു വന്നിട്ട് പത്തു വര്‍ഷം. രാത്രിയെ ഭേദിച് കൊണ്ട് ഉയര്‍ന്നു നിന്ന ഫ്‌ളെഡ് ലൈറ്റിനു താഴെ ഉദിച്ചുയര്‍ന്ന താരങ്ങള്‍ നിരവധി. അതിനു താഴെ വീണു പോയ താരങ്ങള്‍ അനവധി.

ഫ്‌ളെഡ് ലൈറ്റിനു പിറകിലെ ഇരുട്ടില്‍ അഴിഞ്ഞു വീണ മുഖംമൂടികള്‍ , വീണുടഞ്ഞ വിഗ്രഹങ്ങള്‍ നിരവധി. ചിയര്‍ ഗേള്‍സും പാര്‍ട്ടികളും മൈതാനങ്ങളിലെ പവലിയനും നമുക്ക് സ്ഥിര കാഴ്ച ആയി മാറി. ഓരോ ഐ.പി.എലും നമുക്ക് ആഘോഷമായിരുന്നു. എന്നാല്‍ എല്ലാ തവണയും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു ഈ ഇന്ത്യന്‍ ലീഗ്. ക്രിക്കറ്റിന്റെ ജാര സന്തതി എന്ന് ഓസ്‌ട്രേലിയക്കാര്‍ വരെ വിളിചു. ( എന്നാല്‍ അതേ പാത പിന്തുടര്‍ന്ന ബിഗ് ബാഷിന് ഇപ്പോള്‍ വുമെന്‍ , മെന്‍ എന്നീ ഡിവിഷനുകള്‍ കൂടെ ഉണ്ട്). കോഴ ആരോപണം മുതല്‍ മയക്കുമരുന്ന്, ബലാത്സംഗം വരെ ഉയര്‍ന്നു വന്നു.

ഇത്തവണ ഐ പി എല്‍ തുടങ്ങിയതിനു ശേഷം വിവാദങ്ങള്‍ സന്ദീപ് ശര്‍മയുടേതൊഴിച്ചാല്‍ മറ്റു സീസണുകളെ അപേക്ഷിച്ച് കുറവാണ് ( ഇനി ഉണ്ടായ്കൂട എന്നില്ല). എന്നാല്‍ ഐ.പി.എല്ലിനെ വീണ്ടും എരിവും പുളിയും ചേര്‍ത്ത് കൊഴുപ്പിച്ചത് ഗോയെങ്കെ ആയിരുന്നു. ചെന്നെ സൂപ്പര്‍ കിംഗ്‌സ് എന്ന ചാമ്പ്യന്‍ ക്ലബ്ബ് കോഴ ആരോപണത്തോടെ, രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം, രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനിലാവുന്നതിനു പിന്നാലെയാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും ആ പൊസിഷനിലേക്ക് കടന്നു വരുന്നത്. ആരാധകരുടെ പ്രിയ ടീമായ ചെന്നൈ രണ്ടായി മുറിഞ്ഞതൊടെ ധോണി ക്യാപ്റ്റനായി പൂനെയും റെയ്‌നക് പിന്നില്‍ ഗുജറാത്തും തങ്ങളുടെ ആദ്യ ഐ.പി.ലിനു വന്നു. പക്ഷേ ആരാധക പ്രതീക്ഷകള്‍ തട്ടിതെറിപ്പിച്ച് കന്നിയങ്കത്തില്‍ നിന്ന് അവര്‍ പിന്‍വാങ്ങി. ധോണി ഏകദിനത്തില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നാണ് പൂനെ സൂപ്പര്‍ ജെയന്റ്റ്‌സ് മുതലാളിയുടെ സഹോദരന്‍ ഗോയെങ്കെ പത്താമത് ഐ പി എലിലെ ആദ്യ വിവാദത്തിന് തിരി കൊളുത്തിയത്.

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി സ്മിത്തിനെ പ്രതിഷ്ഠിചാണ് ഗോയെങ്കെ മുതലാളിത്വ വര്‍ഗത്തിന്റെ കൂറ് കാണിചത്. നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് ധോണി ബാറ്റു കൊണ്ട് മറുപടി കൊടുത്തതോടെ ഗോയെങ്കെ അല്‍പ്പ നേരത്തേക്ക് അടങ്ങിയിട്ടുണ്ട്. ഗോയങ്കെ വിവാദം കഴിഞ്ഞാല്‍ ഇത്തവണ പിന്നെ സംഭവിച്ചത് സന്ദീപ് ശര്‍മ്മ അമ്പയറോട് കയര്‍ത്തു സംസാരിച്ചതാണ്. ഐ.പി.എലില്‍ വിവാദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന പൂരത്തിലെ വെടിക്കെട്ട് കാഴ്ചകള്‍ കളാണ് ഐ.പി.എല്ലിനെ ഒരു എന്റ്റര്‍ടമെന്റ്റ് ആക്കുന്നതെങ്കിലും ബാറ്റിംഗിലെ പോലെ തന്നെ ബൗളേഴ്‌സും ഉഗ്ര മൂര്‍ത്തി ആടുകയാണ് . അതു കൊണ്ടാണല്ലോ ഏറ്റവും ഉയര്‍ന്ന ടോട്ടലിനുടമയും താഴ്ന്ന ടോട്ടലിനുടമയുംആയി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മാറിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കടന്നു കയറ്റം ഐ.പി.എലിനെ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. സംശയം ഇന്‍ഡോറിലേയും പൂനേയിലേയും ഒഴിഞ്ഞ ഗാലറികള്‍ സാക്ഷ്യപെടുത്തുന്നുണ്ട്. പൂര്‍ണമായും ഐ.എസ്.എല്ലിനെ കാരണക്കാരനാക്കാന്‍ സാധിക്കില്ലെങ്കിലും ആരാധകരുടെ തള്ളികയറ്റത്തിന് കുറവ് വന്നിട്ടുണ്ട് എന്നാണ് സത്യം.

‘മിന്നുതെല്ലാം പൊന്നല്ല, ചവറ്റുകുട്ടയില്‍ കിടന്നാലും മാണിക്യം മാണിക്യം തന്നെയാണ്’. മലയാളത്തിലെ ഈ രണ്ട് പഴഞ്ചൊല്ല് ഐ.പി.എല്ലില്‍ ആണ് കൂടുതല്‍ പ്രാവര്‍ത്തികം. കാരണം ഐ.പി.എല്ലൊരു നിറകാഴ്ച ആണ്. അവിടെ തിളങ്ങുന്നവന് ലഭിക്കുന്ന പ്രശസ്തി വാനോളം ആണ്. ഒരു തവണ അത് കൈവരിച്ചാല്‍ സ്ഥിരത പുലര്‍ത്തിയില്ലെങ്കില്‍ ആരാധകരും പത്രങ്ങളും കൈയൊഴിയും. അതാണ് ഐ.പി.എല്ലിന്റെ ചരിത്രം. പോള്‍ വാള്‍ത്താട്ടിയും സൗരഭ് തിവാരിയും ബിസ്ലയും റായുഡുവും ഹാര്‍ദിക് പാണ്ഡ്യയും അശ്വിനും ബദ്രീനാഥും ജഡേജയും ഒക്കെ ചുരുക്കം ചില ഉദാഹരണങ്ങളാണ്. ഇത്തവണ ഉയര്‍ന്നു വന്ന താരങ്ങളുടെ ലിസ്റ്റെടുത്താല്‍ മലയാളിക്ക് അഭിമാനം തരുന്ന കാര്യങ്ങളാണ്. ശ്രീശാന്തില്‍ കേരളത്തെ കണ്ടിരുന്നവര്‍ക്ക് ഐ.പി.എല്ലും പരോക്ഷമായി രാഹുല്‍ ദ്രാവിഡും പുത്തന്‍ പ്രതീക്ഷകളാണ് തന്നിട്ടുള്ളത്.

സഞ്ജു സാംസണ്‍, ബേസില്‍ തമ്പി, കരുണ്‍ നായര്‍ എല്ലാം മലയാളികളാണെന്ന സന്തോഷം വേറെ തന്നെ ആണ്.
സഞ്ജു സാംസണ്‍, ബേസില്‍ തമ്പി, നിതേഷ് റാണ, ത്രിപദി, റിഷഭ് പന്ത്, മനീഷ് പാണ്ഡേ, വോഹ്‌റ, കുല്‍ദീപ് യാദവ് , ഷ്രാദുല്‍ ടാക്കൂര്‍, തുടങ്ങിയവര്‍ ആണ് ഈ ഐ.പി.എലിന്റെ ഇന്ത്യന്‍ പുതുരക്തങ്ങള്‍. ഇത്തവണത്തെ ഐ.പി.എല്‍ ആദ്യ സെഞ്ച്വറി നേടിയതടക്കം സഞ്ജു സാംസണ്‍ ഫോമിലാണ്. രാജസ്ഥാന്‍ റോയല്‍സ് സസ്‌പെന്‍ഷനായതിനു ശേഷം രാഹുല്‍ ദ്രാവിഡിന് പിന്നാലെ ഡെല്‍ഹി ഡെയര്‍ ഡെവീള്‍സ് ലേക്ക് കുടിയേറിയതാണ് സഞ്ജുവും. കേരള ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ക്കു ശേഷം സഞ്ചു നേരെ പോയത് ഡെല്‍ഹി ക്യാംപിലേക്കാണ്. ദ്രാവിഡിന്റ്റെ ശിക്ഷണം എത്രത്തോളം സഞ്ജുവിനേ ബാധിച്ചീട്ടുണ്ട് എന്നതിന്റ്റെ ഉദാഹരണമാണ് ഐ പി എല്‍ പ്രകടനം. 11 കളിയില്‍ നിന്ന് 374 റണ്‍സുമായി ടോപ് ടെനില്‍ സഞ്ജു സ്ഥിരസാന്നിധ്യം ആയിരിക്കുകയാണ്.

‘ ഞാനൊരിക്കല്‍ ഇയാളെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണും ‘ എന്ന ബ്രാവോ യുടെ ട്വീറ്റ് മറ്റാരേയും കുറിച്ചായിരുന്നില്ല. മലയാളിയായ ബേസില്‍ തമ്പി യെ കുറിച്ചായിരുന്നു. ശ്രീശാന്തിനു ശേഷം മറ്റൊരു ഫാസ്റ്റ് ബൗളര്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. മലയാളികള്‍ ബേസില്‍ തമ്പിക്ക് നല്‍കിയ സ്വീകരണം വന്‍ രസകരമാണ്. ഐ പി എല്‍ എമര്‍ജിംഗ് പ്ലയെറിലേക്കുള്ള വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തുള്ള നിതീഷ് റാണയെ ബഹുദൂരം പിന്നിലാക്കി ബേസില്‍ തമ്പിയെ ഒന്നാം സ്ഥാനത്തെത്തിച്ചു മലയാളികള്‍. 12 മത്സരങ്ങളില്‍ നിന്നായി ഗുജറാത്ത് ലയണ്‍സിനു വേണ്ടി 10 വിക്കറ്റ് ഈ മലയാളി നേടികഴിഞ്ഞു. ഡെത്ത് ഓവറുകളില്‍ റെയ്‌ന ഇന്നും ആശ്രയിക്കുന്നത് ബേസിലിനെ ആണ്. ഡെല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ മറ്റൊരു താരോദയം ആണ് റിഷഭ് പന്ത്. തുടര്‍ച്ചയായ തോല്‍വികളിലും തലയുയര്‍ത്തി ആണ് റിഷഭ് പന്തിന്റെ തേരോട്ടം. 22 കളിയില്‍ നിന്ന് 287 റണ്‍സാണ് റിഷഭ് ഇതുവരെ നേടിയത്. വിക്കറ്റ് കീപ്പറുകൂടിയായ റിഷഭ് വിക്കറ്റിനു പുറകിലും വിശ്വസ്തനാണ്. മുംബൈ ഇന്ത്യന്‍സിന്റ്റെ മധ്യനിരയില്‍ തരംഗമാകുന്ന മറ്റൊരു താരമാണ് നിതീഷ് റാണ.

ഫാന്റ്റസി ലീഗില്‍ മുംബൈ ഇന്ത്യന്‍സിലെ പ്ലെയറെ ആര് തെരെഞ്ഞെടുക്കുകയാണെങ്കിലും മുന്‍പന്തിയില്‍ ഈ ചെറുപ്പക്കാരന്‍ ഉണ്ടാവുന്നതിലാണ് നിതീഷ് റാണയുടെ മഹത്വം നമ്മള്‍ അറിയുന്നത്. മുംബൈ ഇന്ത്യന്‍സിലെ പല നിര്‍ണായക ഘട്ടത്തിലും നിതേഷ് റാണ ബാറ്റു വീശി കരക്കെത്തിച്ചിട്ടുണ്ട്. 12 കളിയില്‍ നിന്ന് 321 അടിചു കൂട്ടിയ റാണ ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യന്‍സിനും പുതിയ പ്രതീക്ഷ ആണ്. എമര്‍ജിംഗ് പ്ലയെര്‍ ലീസ്റ്റിലെ വയസ്സിന്റെ പരമാവധിയില്‍ നിന്ന് വ്യതിചലിച്ച് ഒരു മാസം മുന്‍പേ പിറന്നതിനാല്‍ ലിസ്റ്റില്‍ നിന്ന് ബഹിഷ്‌കരിക്കപെട്ടാണ് ത്രിപദി വാര്‍ത്തകളില്‍ ഇടം നേടിയത്. അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ടീമിനു വേണ്ടിയാണ് തന്റെ പ്രകടനങ്ങളെന്ന് ത്രിപദി തന്റെ ബാറ്റിലൂടെ തെളിയിക്കുന്നതാണ് പിന്നീട് നാം ഐ.പി.എലില്‍ കണ്ടത്.

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയതേരോട്ടത്തില്‍ പങ്കു വഹിച ത്രിപദി 10കളിയില്‍ നിന്നായി 353 റണ്‍സ് അടിചു കഴിഞ്ഞു. കൊല്‍ക്കത്തയുടെ മനീഷ് പാണ്ഡേ 13 കളിയില്‍ നിന്ന് 363 ഉം കുല്‍ദീപ് യാദവ് 11 കളിയില്‍ നിന്ന് 11 വിക്കറ്റും നേടി. ചവറ്റു കൊട്ടയിലാണെങ്കിലും മാണിക്യം മാണിക്യം തന്നെയാണ് എന്ന് തെളിയിക്കേണ്ടത് ഇനി ഇവരാണ്. വഴിയരികില്‍ തളര്‍ന്നു നില്‍ക്കാതെ പോരാടിയാല്‍ ഇന്ത്യന്‍ കുപ്പായം സ്വന്തമാക്കാന്‍ അധികം സമയം വേണ്ടി വരില്ല. എന്നാല്‍ ഐ പി എല്ലിലെ ചുരുങ്ങിയ കാലത്തില്‍ മാത്രം ഒതുങ്ങിപോവുകയോ അന്താരാഷ്ട്ര മത്സരത്തില്‍ വീണുപോവുകയോ ചെയ്താല്‍ മാധ്യമങ്ങളും ആരാധകരും കൈയൊഴിയും. പാമ്പ് ചത്താല്‍ കീരി ചാവുന്ന വരെ എന്നു പറയുന്നതു പോലെയാണ് ഐ.പി.എല്‍ ആരാധകര്‍. മിന്നുന്നതെല്ലാം പൊന്നാക്കാന്‍ കഴിയട്ടെ.

Advertisement