മുംബൈ: സചിന്‍ ടെണ്ടുല്‍ക്കറിന്റെ മുംബൈ ഇന്ത്യന്‍സിനെ പത്മവ്യൂഹത്തിലാക്കിക്കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് വാന്‍ഖെടെ സ്‌റ്റേഡിയത്തില്‍ റോയലായി. തങ്ങളുടെ ക്യാപ്റ്റന്റെ അവസാന മത്സരം റോയല്‍സ് തകര്‍ത്താടി. കേവലം 13.1 ഓവറിലാണ് റോയല്‍സ് ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് മുട്ടുമടക്കിച്ചുകൊണ്ടാണ് ഈ രാജകീയ വിജയം.

മുംബൈക്ക് 20 ഓവറില്‍ വെറും 133 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 13.1 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ ചെയ്‌സ് ചെയ്യുകയായിരുന്നു. 47 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്തുകൊണ്ട് ഷെയന്‍ വാട്‌സണും 32 പന്തില്‍ പുറത്താകാതെ 43 റണ്‍സ് എടുത്തുകൊണ്ട് ദ്രാവിഡും ചേര്‍ന്നാണ് റോയല്‍സിനെ വിജയത്തിലെത്തിച്ചത്.

ഇതോടെ തുടര്‍ച്ചയായി മൂന്ന് കളികള്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഒഫ് പ്രതീക്ഷകള്‍ തകരാറിലായി. കാരണം ഡക്കാന്‍ ചാര്‍ജസ്സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ വിജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് കടുത്ത പ്രതിസന്ധിയിലാകും. കിങ്‌സ് ഇലവന്‍ തോറ്റാല്‍ കളിക്കാതെതന്നെ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്തയും പ്ലേ ഓഫിലെത്തും.

ഒമ്പത് ബൗണ്ടറികളും ആറ് സിക്‌സറും നേടിക്കൊണ്ട് ഷെയ്ന്‍ വാട്‌സന്റെ ഇന്നിങ്‌സ് രാജസ്ഥാന്‍ റോയല്‍സിന് ശകതമായ അടിത്തറയാവുകയായിരുന്നു. അവസാന മത്സരം കളിക്കാനിറങ്ങിയ ഷെയ്ന്‍ വോണിന് മത്സരത്തില്‍ ഒരു വിക്കറ്റ് ലഭിച്ചു. മുംബൈയുടെ ടോപ്‌സ്‌കോററായ രോഹിത് ശര്‍മ(58)യെയാണ് വോണ്‍ പുറത്താക്കിയത്.