ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് കൊമ്പനെ കൊമ്പു കുത്തിച്ചു. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്ക് ശേഷം നാലാം വിജയം ലക്ഷ്യമാക്കിയ കൊച്ചി ടസ്‌കേഴിസ് തോല്‍വി. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സാണ് കൊച്ചിയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ടസ്‌കേഴ്‌സ് 20 ഓവറില്‍ 109 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 14.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 40 പന്തില്‍ 49 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണും 44 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡുമാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.

മക്കല്ലത്തിന് പകരം ഓപ്പണറായി എത്തിയ ലക്ഷ്മണ്‍ ദ്രാവിഡിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായപ്പോള്‍ ബോത്ത ജയവര്‍ധനെയെ ക്ലീന്‍ബൗള്‍ഡാക്കി. ഹോഡ്ജിനെ വോണ്‍ മടക്കിയപ്പോള്‍ മലയാളി താരം റൈഫി വിന്‍സെന്റ് ഗോമസ് നേരിട്ട ആദ്യ പന്തില്‍ തന്നെ വമ്പനടിക്ക് ശ്രമിച്ച് പുറത്തായി.

തുടരെ വിക്കറ്റ് വീണ് പരുങ്ങലിലായ കൊച്ചിയെ പാര്‍ഥിവ് പട്ടേലും രവീന്ദ്ര ജഡേജയും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. പാര്‍ഥിവ് പട്ടേലും 32ഉം രവീന്ദ്ര ജഡേജയും 22ഉം റണ്‍സ് നേടി. റോയല്‍സിനു വേണ്ടി വോണും സിദ്ധാര്‍ഥ ത്രിവേദിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.