മുംബൈ: ഐ പി എല്‍ നാലാം സീസണിന്റെ ലേലനടപടികള്‍ ആരംഭിക്കാന്‍ ഒരാഴ്ച്ച ബാക്കിനില്‍ക്കെ പഴയ താരങ്ങളെ ഒഴിവാക്കാനും പുതിയ താരങ്ങളെ പിടിക്കാനും ടീമുകള്‍ നീക്കം തുടങ്ങി. മുതിര്‍ന്ന താരങ്ങളായ സൗരവ് ഗാംഗുലിയേയും രാഹുല്‍ ദ്രാവിഡിനേയും ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തീരുമാനിച്ചതായാണ് സൂചന.

പുതിയ ലേലം നടക്കുമെന്നതിനാല്‍ പഴയ കുതിരകളെയെല്ലാം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കല്‍ക്കത്ത ടീം. ക്രിസ് ഗെയില്‍ ഒഴികെയുള്ള എല്ലാതാരങ്ങളെയും ടീം കൈവിട്ടേക്കും. എന്നാല്‍ ക്രിസ് ഗെയില്‍ ടീമിനൊപ്പം നില്‍ക്കുമോ എന്നത് വ്യക്തമല്ല.

ഇതേ നിലപാടില്‍തന്നെയാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും. രാഹുല്‍ ദ്രാവിഡിന്റെ സേവനം മതിയായെന്നാണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ടീം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അനില്‍ കുംബ്ലെ, റോസ് ടെയ്‌ലര്‍, വിരാട് കോലി എന്നിവര്‍ ടീമിനൊപ്പം പുതിയ സീസണില്‍ ഉണ്ടായേക്കും.