കോല്‍ക്കത്ത: ഐപിഎല്ലിലെ ബാറ്റിംഗ് വിസ്മയം തുടരുന്നു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ സെഞ്ചുറിയുടെ മികവില്‍ 9 വിക്കറ്റ് വിജയം. ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ പിറന്നത് ഐപിഎല്ലിലെ മനോഹരമായ മറ്റൊരു സെഞ്ചുറി. ഐപിഎല്ലില്‍ ഗെയ്‌ലിന്റെ ആദ്യ സെഞ്ചുറിയാണിത്. 55 പന്തില്‍ നിന്നാണ് 9 ഫോറുകളും ഏഴ് സിക്‌സറുകളുമടക്കം ഗെയ്ല്‍ സെഞ്ചുറി (102) നേടിയത്. ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയിരുന്നു

ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ലിനൊപ്പം ദില്‍ഷന്റെ പ്രകടനവും ബാംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായകമായി. സ്‌കോര്‍ 123 റണ്‍സില്‍ നില്‍ക്കേ ബാലാജിയുടെ പന്തില്‍ ദില്‍ഷന്‍ ബൗള്‍ഡായി മടങ്ങിയത്. 31 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു ദില്‍ഷന്‍ നേടിയത്.

23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വിരാട് കോഹ്‌ലി രണ്ടാം വിക്കറ്റില്‍ ഗെയ്‌ലിനൊപ്പം ചേര്‍ന്ന് ബാംഗളൂരിന്റെ വിജയം വേഗത്തിലാക്കി.
മോശം പ്രകടനത്തിന്റെ പേരില്‍ സീസണില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ടീമാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ബാംഗളൂരുവിന് കോല്‍ക്കത്തയ്‌ക്കെതിരെ വിജയം അനിവാര്യമായിരുന്നു. ഇതുവരെ അഞ്ച് കളികളില്‍ നിന്ന് ഒരു ജയം മാത്രമായിരുന്നു ബാംഗളൂരിന്റെ പട്ടികയിലുണ്ടായിരുന്നത്. മൂന്ന് കളികളില്‍ തോറ്റ അവര്‍ പോയിന്റ് നിലയില്‍ ഒന്‍പതാം സ്ഥാനത്തുമായിരുന്നു.