എഡിറ്റര്‍
എഡിറ്റര്‍
പഞ്ചാബ് കിംഗ്‌സ് ഇലവന് ആറ് വിക്കറ്റ് ജയം
എഡിറ്റര്‍
Friday 18th May 2012 9:10am

ധര്‍മ്മശാല: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് ഇലവന് ആറ് വിക്കറ്റ് ജയം. 121 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.3 ഓവറില്‍ ലക്ഷ്യം കണ്ടു.

അവസാന കളിയില്‍ ജയിക്കാനായാല്‍ കിങ്‌സ് ഇലവന്‍ പ്ലേ ഓഫ് റൗണ്ടില്‍ കടക്കും. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ വെറും 120 റണ്‍സിലൊതുങ്ങി. കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റിന്റെ (46 പന്തില്‍ പുറത്താവാതെ 64) ബാറ്റിങ് കരുത്തില്‍ 16.3 ഓവറില്‍ ലക്ഷ്യം നേടി.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പഞ്ചാബിന്റെ തന്ത്രം തുടക്കത്തിലേ തന്നെ ഫലിച്ചു. വിജയും ഹസിയും റെയ്‌നയും ധോണിയും പോരാടാതെ മടങ്ങിയപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 10.2 ഓവറില്‍ 46 റണ്‍സ് മാത്രം.

ഡ്വെയ്ന്‍ ബ്രാവോയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈ സ്‌കോര്‍ 120 എങ്കിലും എത്തിച്ചത്. 43 പന്തില്‍ മൂന്നു സിക്‌സും രണ്ടു ബൗണ്ടറികളുമായി ബ്രാവോ പൊരുതി. 17 റണ്‍സെടുത്ത റെയ്‌നയാണ് സ്‌കോറിങ്ങില്‍ രണ്ടാമന്‍.

പ്രാഥമിക റൗണ്ടിലെ 16 കളികളും പൂര്‍ത്തിയാക്കിയ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടുമോയെന്നറിയാന്‍ മറ്റു കളികളുടെ ഫലം വരും വരെ കാത്തിരിക്കണം. 17 പോയന്റുള്ള ചെന്നൈ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കിങ്‌സ് ഇലവന് വ്യാഴാഴ്ചത്തെ ജയത്തോടെ 15 കളികളില്‍ 16 പോയന്റായി.

ഗില്‍ക്രിസ്റ്റാണ് കളിയിലെ കേമന്‍. സ്‌കോര്‍: ചെന്നൈ 20 ഓവറില്‍ 7ന് 120; പഞ്ചാബ് 16.3 ഓവറില്‍ 4ന് 123.

Advertisement