പൂനെ: കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാററ്‌സ്മാന്‍മാരുടെ തന്ത്രങ്ങള്‍ പലതും പാളിയതാണ് തോല്‍വിക്ക് കാരണമായതെന്ന് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്.

163 റണ്‍സ് മറികടക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ ബാറ്റിംഗ് നിര പരാജയമായിരുന്നു. അവസാന ഓവറുകളിലേക്ക് വിക്കറ്റ് ഇല്ലാതെ പോയി. അതാണ് തോല്‍വിക്ക് പ്രധാന കാരണം.

144 ന് എട്ട് എന്ന നിലയില്‍ ഒരു ഉയര്‍ത്തെണീപ്പിന് കഴിഞ്ഞിരുന്നെങ്കില്‍ ടീം വിജയത്തിലെത്തിയേനെ. എന്നിരുന്നാലും ഫൈനലിലേക്ക് കടക്കാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം കൂടിയുണ്ട്. തീര്‍ച്ചയായും അത് ടീം പരമാവധി ഉപയോഗപ്പെടുത്തും. ഫൈനലിലെത്തുന്നതു വരെ ടീമിന് വിശ്രമമില്ല. – സെവാഗ് വ്യക്തമാക്കി.

അതേസമയം 160 റണ്‍സ് എന്ന സ്‌കോര്‍ എടുക്കാന്‍ സാധിച്ചതാണ് ടീമിന്റെ വിജയത്തിന് കാരണമായതെന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ടീമിന്റെ ഇന്നലത്തെ പ്രകടനം മികച്ചതായിരുന്നു. 160 റണ്‍സ് മറികടക്കാന്‍ എതിരാളികളെ അനുവദിക്കാതെ കളിക്കാന്‍ ടീമംഗങ്ങള്‍ക്ക് കഴിഞ്ഞു. ടീമിന്റെ നിലവിലെ പ്രകടനത്തില്‍ സന്തുഷ്ടനാണ് – ഗംഭീര്‍ വ്യക്തമാക്കി.

കൊല്‍ക്കത്തക്ക് വേണ്ടി  ഗംഭീറും മക്കല്ലവും കേമമായിത്തന്നെയാണ് ബാറ്റ് ചെയ്ത് തുടങ്ങിയത്. ആറാം ഓവറില്‍ ടീമിനെ 50നടുത്തെത്തിച്ച സഖ്യത്തിന് ഗംഭീറിന്റെ ഔട്ട് ടീമിന് തിരിച്ചടിയായിരുന്നെങ്കില്‍കൂടി പിന്നീട് മികച്ച പല കൂട്ടുകെട്ടുകളിലൂടെയും അവര്‍ സ്‌കോര്‍ 160 ല്‍ എത്തിക്കുകയായിരുന്നു.