എഡിറ്റര്‍
എഡിറ്റര്‍
ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ്
എഡിറ്റര്‍
Friday 18th May 2012 8:56am

ന്യൂദല്‍ഹി: വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ മികവില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 21 റണ്‍സിന് വിജയിച്ചു.

ഇതോടെ ബാംഗ്ലൂര്‍ ഐ.പി.എല്ലില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. 13 സിക്‌സറുകളുമായി ഗെയ്ല്‍ കളിക്കളത്തില്‍ നിറഞ്ഞാടിയ മല്‍സരത്തില്‍ ഡെയര്‍ ഡെവിള്‍സിന് ജയിക്കാന്‍് 216 റണ്‍സ് വേണമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്‌ളൂര്‍, ഗെയിലിന്റെയും (62 പന്തില്‍ 128 നോട്ടൗട്ട്) വിരാട് കോഹ്ലിയുടെയും (53 പന്തില്‍ 73 നോട്ടൗട്ട്) തകര്‍പ്പന്‍ ഇന്നിങ്‌സുകളുടെ ബലത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സെടുത്തു.

പൊരുതി നോക്കിയെങ്കിലും ദല്‍ഹിയുടെ ഇന്നിങ്‌സ് ഒന്‍പതു വിക്കറ്റിന് 194 എന്ന നിലയില്‍ അവസാനിച്ചു. റോസ് ടെയ്‌ലര്‍ (26 പന്തില്‍ 55), വേണുഗോപാല്‍ റാവു (24 പന്തില്‍ 36), ആന്ദ്രേ റസല്‍ (15 പന്തില്‍ 31) എന്നിവരാണ് മികവു കാട്ടിയത്.

സഹീര്‍ ഖാന്‍ നാലോവറില്‍ 38 ഉം മലയാളി താരം പ്രശാന്ത് പരമേശ്വരന്‍ മൂന്നോവറില്‍ 30ഉം റണ്‍സ് വഴങ്ങി മൂന്നു വീതം വിക്കറ്റെടുത്തു. ഏഴ് ബൗണ്ടറിയും 13 സിക്‌സും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ പ്രകടനം.

ഇതോടെ ഐ.പി.എല്ലിലെ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറടിച്ച ബാറ്റ്‌സ്മാന്‍ എന്ന ബ്രന്‍ഡണ്‍ മക്കല്ലത്തിന്റെ റെക്കോഡിനൊപ്പമെത്താന്‍ ഗെയിലിനായി. 38 പന്തില്‍ 34 റണ്‍സ് മാത്രം നേടി അല്‍പം പതുക്കെ കളിച്ചിരുന്ന വിന്‍ഡീസ് താരം തുടര്‍ന്നുള്ള 28 പന്തില്‍ അടിച്ചുകൂട്ടിയത് 90 റണ്‍സ്.

ദല്‍ഹിയുടെ മറുപടി ബാറ്റിങ്ങില്‍ റോസ് ടെയ്‌ലര്‍ 26 പന്തില്‍ 55 റണ്‍സെടുത്തു. സേവാഗ് വിശ്രമിച്ച മല്‍സരത്തില്‍ ജയവര്‍ധനെയാണ് ഡല്‍ഹിയെ നയിച്ചത്.

Advertisement