Categories

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവം; ഐ.പി ബിനുവടക്കം നാലു പേര്‍ കസ്റ്റഡിയില്‍; ബിനുവിനെ സസ്‌പെന്റ് ചെയ്തതായി കോടിയേരി

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ സിപിഐഎം നേതാവും കൗണ്‍സിലറുമായ ഐപി ബിനു കസ്റ്റഡിയില്‍. ബി.ജെ.പി ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്ത ഐ.പി ബിനു അടക്കമുളളവരെ സി.പി.ഐ.എം സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയടക്കം മൂന്നുപേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന് പിന്നാലെ ഇതിന് നേതൃത്വം നല്‍കിയത് ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു


Also Read:  ആ തിരുവസ്ത്രം ഇട്ടോണ്ട് പേക്കൂത്ത് കാട്ടേണ്ടിയിരുന്നില്ല; കോമഡി ഉത്സവം വേദിയില്‍ ഡാന്‍സ് ചെയ്ത പള്ളീലച്ചനെ ആക്രമിച്ച് ക്രിസ്ത്യന്‍ മതമൗലിക വാദികള്‍ 


ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണെന്നും പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ലെന്നും നേരത്തെ കോടിയേരി പറഞ്ഞിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബി.ജെ.പി എതിര്‍ത്തില്ല. കേരളത്തില്‍ ബി.ജെ.പി ആക്രമണം അഴിച്ചുവിടുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസിന് ഗൂഢപദ്ധതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ പുറത്തു വന്ന സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ബിനുവടക്കമുള്ളവരെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി തന്നെ മനസിലായിരുന്നു. സംഭവം സമയം നിഷ്‌ക്രിയരായി നോക്കി നിന്ന രണ്ട് പൊലീസുദ്യോസ്ഥരേയും സസ്‌പെന്റ് ചെയ്തിരുന്നു.