എഡിറ്റര്‍
എഡിറ്റര്‍
റുവൈസ് റിഫൈനറിയുടെ സുരക്ഷ എടുത്ത് പറഞ്ഞ് ഐ.ഒ.സി പ്ലാന്റിനെ ന്യായീകരിച്ചവര്‍ അറിയാന്‍; റുവൈസിലും അപകടമുണ്ടായിട്ടുണ്ട്
എഡിറ്റര്‍
Friday 23rd June 2017 12:53pm

കോഴിക്കോട്: അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് നിര്‍മ്മിക്കുന്നതെന്നതിനാല്‍ അവിടെ അപകടം സംഭവിക്കില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധം. അബുദാബിയിലെ ഏറ്റവും വലിയ റിഫൈനറിയായ അഡ്‌നോക്കിന്റെ കീഴിലുള്ള റുവൈസ് റിഫൈനറിയിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ഐ.ഒ.സി പ്ലാന്റിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണം നടന്നത്.

1997ല്‍ റുവൈസ് റിഫൈനറിയില്‍ പുതുതായി സ്ഥാപിച്ച 74 ടാങ്കുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് അവകാശവാദമുയര്‍ത്തിക്കൊണ്ട് അത്ര തന്നെ സുരക്ഷിതമാണ് പുതുവൈപ്പിലേതും എന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന റുവൈസ് റിഫൈനറിയില്‍ ഈയടുത്തകാലത്ത് അഗ്നിബാധയുണ്ടായിരുന്നതായി കമ്പനി തന്നെ അറിയിച്ചിട്ടുണ്ട്.


Also Read: ശ്രീനഗറിലെ ജാമിയ മസ്ജിദിനു മുമ്പില്‍ ജനക്കൂട്ടം പൊലീസ് ഓഫീസറെ തല്ലിക്കൊന്നു: പ്രകോപിതരായത് ഓഫീസര്‍ വെടിയുതിര്‍ത്തതോടെ


2017 ജനുവരി 11ന് അഡ്‌നോക് ട്വിറ്ററിലൂടെയാണ് തീപിടുത്തമുണ്ടായ വിവരം അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ജനുവരി 17ന് തീപിടുത്തതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.

വസ്തുത ഇതാണെന്നിരിക്കെയാണ് റുവൈസ് റിഫൈനറിയിലെ സുരക്ഷാ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് ഐ.ഒ.സി സുരക്ഷിതമാണെന്ന പ്രചരണം നടക്കുന്നത്.

‘ഐ.ഒ.സി പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ പ്ലാന്റ് പണിയുന്നതിന് ഉപഗോഗിക്കുന്നത് 45 എം.എം തിക്ക്‌നസ് ഉള്ള ബോയിലര്‍ സ്റ്റീല്‍ പ്ലേറ്റ് ആണ്. അതും ഭൂമിക്കടിയിലാണ് ടാങ്ക് നിര്‍മ്മിക്കുന്നത്.. ടാങ്കിന് മുകളില്‍ 2 മീറ്റര്‍ കനത്തില്‍ മണലും അതിനുമുകളില്‍ 1.25 മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റും ചെയ്ത് എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് LPG സംഭരണി നിര്‍മ്മിക്കുന്നത്. ഭീകരാക്രമണമോ, സുനാമിയോ, ഭൂമികുലക്കമോ ഉണ്ടായാല്‍ പോലും ടാങ്കിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ല എന്നതാണ് വസ്തുത. കേടുപാടുകള്‍ സംഭവിക്കുകയോ ലീക്ക് ഉണ്ടാകുകയോ ചെയ്യില്ല.’ എന്നായിരുന്നു അവകാശവാദം.

തിക്ക്‌നസിന്റെ കാര്യം ചൂണ്ടിക്കാട്ടി എല്‍.പി.ജി പ്ലാന്റ് സുരക്ഷിതമെന്ന് അവകാശപ്പെടുന്നതിലെ പൊള്ളത്തരം കണ്ടയ്‌നര്‍ നിര്‍മിക്കുന്ന രീതി വിശദീകരിച്ചുകൊണ്ട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയ തുറന്നുകാട്ടിയിരുന്നു.

‘പ്ലെയിന്‍ മെറ്റല്‍ ഷീറ്റുകള്‍ തെര്‍മോ മെക്കാനിക്കല്‍ ട്രീറ്റ്‌മെന്‍ഡ് വഴി ബെന്‍ഡ് ചെയ്ത് സിലിണ്ട്രിക്കല്‍ ഷേപ്പിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. സിലിണ്ട്രിക്കല്‍ കണ്ടയിനര്‍ നിര്‍മിച്ച് അതിലേക്ക് എല്ലാ ഇന്‍ലറ്റ് ഔട്‌ലെറ്റ് പോയിന്റുകളും പഞ്ച് ചെയ്ത് ദ്വാരമുണ്ടാക്കി വെല്‍ഡ് ചെയ്യുകയാണ് ചെയ്യുന്നത്. കുറേ തിക്‌നസ് ഉണ്ടായത് കൊണ്ട് ഇങ്ങനെയുണ്ടാവുന്ന കണ്ടയിനറുകള്‍ ഒന്നും സുരക്ഷിതമാവില്ല. സൂക്ഷ്മമായി ചെയ്തില്ലെങ്കില്‍ തിക്‌നസ് കൂടുംതോറും വെല്‍ഡിംഗില്‍ ക്രാക്ക് വരാനുളള സാധ്യതയും കൂടും, ലീക്കിനും പൊട്ടിത്തെറിക്കും സാധ്യതയുണ്ട്.’ എന്നാണ് കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്ന രീതി വിശദീകരിച്ചുകൊണ്ട് ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ജോലി ചെയ്യുന്ന ജസീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പ്.

Advertisement